ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശവുമായി മലയാളികൾക്ക് ഇന്ന് തിരുവോണം. മുറ്റത്ത് വിരിയുന്ന പൂക്കളം മുതൽ, ഊഞ്ഞാലിൽ ആടുന്ന ബാല്യത്തിന്റെ സന്തോഷം വരെ. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും ലോകമെമ്പാടും എത്തിക്കുന്ന മറ്റൊരു ഓണക്കാലം കൂടി.
ഓണം എത്തുമ്പോൾ പൂക്കൾ തേടിയുള്ള യാത്രയ്ക്ക് തുടക്കമാവും. പാടവരമ്പുകളിലും പറമ്പുകളിലും പൂക്കൾ ശേഖരിച്ച് പൂക്കളം ഒരുക്കാനുള്ള ആവേശത്തിലാണ് കുട്ടിക്കൂട്ടങ്ങൾ. മലയാളിയുടെ ഓണക്കാലത്തിന്റെ മനോഹരമായ ഓർമ്മകൾ.പൂക്കളത്തിനരികിൽ തൃക്കാക്കരയപ്പനെ ഒരുക്കുമ്പോൾ, തലമുറകളുടെ വിശ്വാസവും ആചാരവും ഒരുമിച്ച് ചേരുകയാണ്.ഒപ്പം തിരുവാതിരപ്പാട്ടിന്റെ ഈണവും ഓണക്കളികളുടെ ആവേശവും.
വീട്ടുമുറ്റത്ത് കെട്ടിയ ഊഞ്ഞാൽ ഓണക്കാലത്തിന്റെ മറക്കാനാകാത്ത ഓർമ്മയാണ്. വ്യത്യസ്തമായ ആചാരങ്ങളും രീതികളും ഉണ്ടെങ്കിലും, ഓണത്തിന്റെ സന്ദേശം എന്നും ഒരുമ തന്നെ. അത്തം മുതൽ തിരുവോണം വരെ നീളുന്ന ആഘോഷങ്ങൾക്ക് ഓരോ വീട്ടിലും ഓരോ കഥയാണ്. പല നിറങ്ങൾ ചേരുന്ന അത്തപ്പൂക്കളം പോലൊരു കുടുംബ സംഗമം. ആ കഥകളെല്ലാം ചേർന്നാതാണ് മലയാളിയുടെ ഓണം.