സി.പി.എമ്മിനെ പരസ്യമായി പിന്തുണച്ച വഖഫ് ബോര്‍ഡ് അംഗമായ സംഘടനാ സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്തയില്‍ പടയൊരുക്കം. നടപടി ആവശ്യപ്പെട്ടു സമസ്ത യുവജന സംഘടനകള്‍ ഒന്നടങ്കം പരസ്യമായി രംഗത്തെത്തി. വഖഫ് ബോര്‍ഡ് പുനസംഘടന അടുത്തുണ്ടാകുമെന്നുറപ്പായതോടെയാണു ഉമര്‍ഫൈസിയുടെ വിമര്‍ശനമെന്നാണു വിലയിരുത്തല്‍.
മുശാവറ അംഗവും സമസ്ത സെക്രട്ടറിയുമായ ഉമര്‍ഫൈസി വഖഫ് ബോര്‍ഡ് വിഷയത്തില്‍ നിരന്തരമായി കളവും തെറ്റിധാരണകളും പ്രചരിപ്പിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഉമര്‍ ഫൈസിയെ മുശാവറയില്‍ നിന്നു നീക്കം ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യം വിശദീകരിച്ചു സമസ്ത പോഷക സംഘടനകള്‍ അസാധാരണായ രീതിയില്‍ പത്രകുറിപ്പും ഇറക്കി.
ലീഗ് നിയന്ത്രണത്തിലുള്ള സമസ്തയുടെ പോഷക സംഘടനകളായ എസ്.കെ.എസ്.എഫ്,സുന്നി മഹല്ല് ഫെഡറേഷന്‍,മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍,എസ്.വൈ.എസ്, ജംയത്തുല്‍ മുദരിസീന്‍ തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണു ഒപ്പിട്ടത്.
അതേ സമയം വഖഫ് ബോര്‍ഡ് പുനസംഘടന ഉറപ്പായ സാഹചര്യത്തിലാണ് അംഗമായ ഉമര്‍ ഫൈസിയുടെ രൂക്ഷവിമര്‍ശനമെന്നാണു വിലയിരുത്തല്‍. ഹൈക്കോടതിയിലെ കേസ് തീരുന്ന മുറയ്ക്ക് ഇടതു സര്‍ക്കാര്‍ നിയമിച്ച കെ.എസ്. ഹംസയുടെ നേതൃത്വത്തിലുള്ള വഖഫ് ബോര്‍ഡിനെ സര്‍ക്കാര്‍ പിരിച്ചുവിടുമെന്നാണു സൂചന.