തിരുവോണത്തിനും മഴ കൂട്ടിനുണ്ടാകും. മധ്യകേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ വ്യാപകമായി മഴ ലഭിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മറ്റുജില്ലകളില്‍ ഇടത്തരം മഴ കിട്ടും. കേരളതീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇടത്തരമോ ശക്തമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 30 - 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് യെലോ അലർട്ടാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യെലോഅലർട്ടുണ്ട്. ഡൽഹിയിൽ ഇന്ന് മഴ മുന്നറിയിപ്പില്ല. ഇന്നലെ പെയ്ത കനത്ത മഴയിൽ നഗരത്തിൽ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. റോഡിൽ വെള്ളം കയറിയതിനെത്തുടർന്നുള്ള ഗതാഗതകുരുക്ക് പലയിടങ്ങളിലും രാത്രി വൈകിവരെ നീണ്ടു.