പുലിക്കളിക്കെതിരെ വി.കെ.ശ്രീരാമന്‍

തൃശൂരിന്‍റെ തനത് കലാരൂപവും ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണവുമായ പുലിക്കളിക്കെതിരെ നടൻ വി.കെ.ശ്രീരാമൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പില്‍ വ്യാപക വിമര്‍ശനം.  ‘കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം’ എന്നാണ് പുലിക്കളിയെ നടന്‍ വിശേഷിപ്പിച്ചത്. പുരുഷന്മാർ വയറും മാറും വളർത്തി പുലിക്കളിക്കായി ഒരുങ്ങുന്നത് രൂപ വൈകൃതമാണെന്നും, കലയുടെ പേരിൽ ഇത്തരത്തിലുള്ള വൈകൃതങ്ങളെ ഉപയോഗിക്കുന്നത് ആഭാസമാണെന്നും വി.കെ.ശ്രീരാമന്‍ കുറിച്ചു. ലോകത്ത് ഒരിടത്തും ഇത്തരം ഒരു ‘കലാവൈകൃതം’ ഇല്ലെന്ന് കുറിച്ച നടന്‍ കുംഭകുലുക്കിക്കളിയെന്നും ശാർദൂലവിക്രീഡിതം എന്നും പരിഹസിക്കുന്നുമുണ്ട്.

വി.കെ.ശ്രീരാമന്‍റെ പോസ്റ്റ്: ‘പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്‌ത്രത്തിൽ 'ശാർദൂലവിക്രീഡിതം' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം.’

അതേസമയം, തൃശൂരിന്‍റെ സാസ്‌കാരിക പെരുമയിലും ലോക ടൂറിസം ഭൂപടത്തിലും സവിശേഷ സ്ഥാനമുള്ള പുലിക്കളിയെ അധിക്ഷേപിച്ച നടനെതിരെ പുലിക്കളി സംഘങ്ങളും സാംസ്കാരിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ കരുത്തും കൂട്ടായ്മയുമായ കലാരൂപത്തെ മോശമായി ചിത്രീകരിക്കുകയും ബോഡി ഷെയ്മിങ് നടത്തുകയുമാണ് ശ്രീരാമൻ ചെയ്തതെന്ന് അവർ ആരോപിക്കുന്നു.

പുലിക്കളി കേവലമൊരു വിനോദമല്ലെന്നും, പലർക്കും ഇതൊരു ജീവിതമാർഗ്ഗം കൂടിയാണെന്നുമാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നു. തലമുറകളായി പുലിക്കളിയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി കലാകാരന്മാരുടെ വികാരങ്ങളെയാണ് പരാമർശം വ്രണപ്പെടുത്തിയതെന്നും വിമര്‍ശനമുണ്ട്. ഒപ്പം സിനിമയിൽ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാറുള്ള നടന്മാർക്ക് ഇത്തരമൊരു വിമർശനം ഉന്നയിക്കാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്ന ചോദ്യവും ഉയരുന്നുണ്ട്.

നാലാം ഓണത്തിന് നടക്കാനിരിക്കുന്ന പുലിക്കളിക്കായി ഒൻപതോളം ദേശങ്ങളിലെ നൂറുകണക്കിന് കലാകാരന്മാരും സംഘങ്ങളും ഒരുക്കങ്ങൾ തകൃതിയായി നടത്തുന്നതിനിടെയാണ് വി.കെ.ശ്രീരാമന്‍റെ വിവാദ പോസ്റ്റ്. അതേസമയം, വിവാദ പരാമർശത്തിൽ വി.കെ.ശ്രീരാമൻ ഇതുവരെ പ്രതികരിക്കുകയോ വിശദീകരണം നൽകുകയോ ചെയ്തിട്ടില്ല.

ENGLISH SUMMARY:

Actor V.K. Sreeraman has sparked a massive controversy by sharing a critical Facebook post describing Thrissur's traditional Pulikali as a visually repulsive art form. He accused the practice of body-shaming men who grow their bellies and chests for the performance, branding it as vulgar and disgraceful. This harsh criticism drew severe backlash from cultural workers, Pulikali troupes, and the public, who condemned his remarks as an insult to a generational heritage. Critics have slammed the statements while the actor has yet to issue any public explanation regarding the row.