തൃശൂർ ഇന്ന് പുലിമയം. ചെണ്ടയുടെ താളത്തിനൊത്ത് ചുവടുവച്ച്, കുടവയറും ചായം പൂശിയ മുഖവുമായി പുലികൾ അരങ്ങ് കീഴടക്കും. പുലർച്ചെ മുതൽ ചായം തേയ്ക്കൽ തുടങ്ങി. വൈകിട്ട് നാലിന് ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ മന്ത്രി ഒ.ജെ ജനീഷ് ഫ്ലാഗ് ഓഫ് ചെയ്യും
ഒൻപത് പുലിമടകളിൽ ദിവസങ്ങളായി നടന്ന ഒരുക്കങ്ങൾ പൂർത്തിയായി. വാദ്യമേളങ്ങളുടെ താളത്തിൽ പുലികൾ ചുവടുവയ്ക്കുമ്പോൾ, കാണാനും ആവേശം പങ്കിടാനും ആയിരങ്ങൾ നഗരത്തിലേക്കെത്തും പുള്ളിപ്പുലി,വരയൻ പുലി, ഫ്ലൂറസന്റ് പുലി തുടങ്ങി നിരവധി പുലി വൈവിധ്യങ്ങൾ. പുരാണവും സമകാലിക വിഷയവും പ്രമേയമാക്കിയുള്ള രണ്ടു നിശ്ചലദൃശ്യങ്ങൾ ഓരോ ടീമിലുമുണ്ടാകും.
നഗരത്തിൽ മൂന്നു ജഡ്ജിങ് പോയിന്റുകളുണ്ട്. ഓരോ പോയിന്റിലും 20 മിനിട്ട് കളിക്കണം. മികച്ച പുലിക്കളി സംഘത്തിന് 70000 രൂപയാണ് സമ്മാനം. ഇത്തവണ മികച്ച ചമയ പ്രദർശനത്തിനും സമ്മാനമുണ്ട്. എംജി റോഡ് വഴി 6 സംഘങ്ങളും ഷോർണൂർ റോഡ് വഴി ഒരു സംഘവും വടക്കേ സ്റ്റാൻഡ് വഴി രണ്ടു സംഘങ്ങളും എത്തും. പൂരത്തിനു ശേഷം ഇന്ന് തൃശൂർ വീണ്ടും ആഘോഷത്തിന്റെ കൊടുമുടി കയറും.