mohanan-kunnumel

TOPICS COVERED

മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ 'പാറ്റ' പരാമർശവുമായി കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വിസിയുടെ പരാമർശം.

പാറ്റകളല്ലെന്ന് പറയാൻ മോഹനൻ കുന്നുമ്മൽ പ്രസംഗത്തിനിടെ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നുമുണ്ട്. 'പാറ്റകളല്ലാത്തവർ അത് ഉറക്കെ പറയൂ' എന്ന് വിസി ആവശ്യപ്പെട്ടെങ്കിലും സദസിൽനിന്ന് പ്രതികരണമുണ്ടായില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെ ഒരു വിദ്യാർഥി 'അല്ല' എന്ന് പറയുന്നുണ്ട്. ആ കുട്ടിക്ക് അഭിനന്ദനം നൽകിയ ശേഷം വീണ്ടും മറ്റ് വിദ്യാർത്ഥികളോട് പ്രതികരിക്കാൻ ആവശ്യപ്പെടുന്നുണ്ട്. 

വിദ്യാർത്ഥികൾ പ്രതികരിക്കാത്തതിനെ തുടർന്ന് നിങ്ങൾക്ക് സംശയമുണ്ടോ എന്ന് വിസി ആവർത്തിച്ച് ചോദിക്കുന്നു. 'നിങ്ങൾ പാറ്റകളല്ലെന്നും കരുത്തുറ്റ  സിംഹങ്ങളാണെന്നും ദുർഗാ ദേവി ആണെന്നും തുടർന്ന് വിസി പറയുന്നു. അറിവും കഴിവും സ്വന്തമാക്കിയാൽ ഇന്ന് നമ്മളെ പാറ്റകളെന്ന് വിശേഷിപ്പിക്കുന്നവർ നാളെ ഈയാംപാറ്റകളായി മാറുന്ന സാഹചര്യമുണ്ടാകു'മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും മത്സരപരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാനായി സംഘടിപ്പിച്ച ‘വിജയതാരകം’ പരിപാടിയിലായിരുന്നു സംഭവം. പരിപാടി ഉദ്ഘാടനം ചെയ്ത ഗവർണർ വിദ്യാർഥികളോട് മുതിർന്നവരിൽ നിന്ന് അനുഭവങ്ങളും അറിവുകളും സ്വീകരിക്കണമെന്നും അവരെ ആദരിക്കണമെന്നും പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ് നേടുന്നതിനൊപ്പം നല്ല വ്യക്തിത്വം രൂപപ്പെടുത്തുക കൂടിയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 

അതേസമയം, രൂക്ഷ വിമര്‍ശനമാണ് കേരള വിസിയുടെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വിദ്യാര്‍ഥികളെ അഭിനന്ദിക്കേണ്ട ചടങ്ങില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പരിഹാസ്യമാണെന്നാണ് വിഡിയോയ്ക്ക് ചുവടെയുള്ള കമന്റുകള്‍.

ENGLISH SUMMARY:

Kerala University VC Mohanan Kunnummal's controversial 'cockroach' remark at a student felicitation event is drawing sharp criticism. He urged students to be strong lions instead of cockroaches, a statement that has sparked widespread debate on social media.