ഡല്‍ഹിയിലെ സി.ജെ.പി പ്രതിഷേധത്തിനിടെ തനിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ 15 വയസുകാരിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമിച്ചു. തനിക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഏറ്റുപറഞ്ഞ് പെണ്‍കുട്ടിയും ക്ഷമാപണം നടത്തി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമൂഹ മാധ്യങ്ങളിലും സമൂഹത്തിലും പെണ്‍കുട്ടിയോട് ക്ഷമിക്കാത്ത ചിലരുണ്ട്. അവരുടെ ശല്യം കാരണം വീടുവിട്ടിരിക്കുകയാണ് പെണ്‍കുട്ടിയും കുടുംബവും.
അപരിചിതരും പൊലീസും നിരന്തരം വീട്ടിലെത്തുന്നതിനാലാണ് നോയിഡയിലെ വാടകവീട് ഒഴിയേണ്ടിവന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. മകൾ പരസ്യമായി മാപ്പ് പറഞ്ഞു, പ്രധാനമന്ത്രി അവളോട് ക്ഷമിക്കുകയും ചെയ്തിട്ടും ഞങ്ങളുടെ കുടുംബം തുടർച്ചയായ ഭീഷണിയും പീഡനവും നേരിടുകയാണെന്നും അമ്മ. മകൾ പത്താം ക്ലാസിലാണ് പഠിക്കുന്നത്, താൻ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ഭാവി ഇനി എന്താകുമെന്ന് അറിയില്ലെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.
"ഞാൻ ഒറ്റയ്ക്കാണ് മകളെ വളർത്തുന്നത്. 2019-ൽ ഒരു അപകടത്തിൽ എന്റെ ഭർത്താവ് മരണപ്പെട്ടു. ചെറിയ മകൻ ബന്ധുക്കളുടെ കൂടെയാണ് നിൽക്കുന്നത്. ആളുകളും പോലീസും വീണ്ടും വീണ്ടും വീട്ടിലേക്ക് വരുമ്പോൾ ഞങ്ങൾക്ക് എങ്ങനെ ജീവിക്കാനാകും ? ഞങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അധികൃതരോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു'', പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധത്തിനിടയിലാണ് പെൺകുട്ടി പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവരുടെ സ്വാധീനത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്നുമാണ് പെൺകുട്ടി മാപ്പപേക്ഷിച്ചുള്ള വിഡിയോയില്‍ പറഞ്ഞത്. പ്രതിഷേധ സ്ഥലത്ത് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നിരവധിപേര്‍ ഉണ്ടായിരുന്നു, അവർ മറ്റുള്ളവരെയും അതിന് പ്രേരിപ്പിച്ചു. അത്തരം കാര്യങ്ങൾ പറഞ്ഞതിൽ എനിക്ക് ലജ്ജയുണ്ട്. കണ്ണുകൾ ഉയർത്തി നോക്കാൻ പോലുമാകുന്നില്ല. രാജ്യത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു," എന്നായിരുന്നു പെൺകുട്ടിയുടെ വാക്കുകള്‍.
അധിക്ഷേപ പരാമര്‍ശത്തില്‍ നോയിഡ പോലീസ് പെൺകുട്ടിക്കെതിരെ കേസെടുത്തിരുന്നു. ഡല്‍ഹി പൊലീസിന് കൈമാറിയ കേസില്‍ തുടര്‍നടപടികളെടുത്തിട്ടില്ല. പെൺകുട്ടി മാപ്പ് പറഞ്ഞതിനാലും സീറോ എഫ്.ഐ.ആർ ആയതിനാലും കേസ് പിൻവലിക്കുന്നത് പരിശോധിക്കുകയാണെന്ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ഭരണഘടനാ പദവിയിലുള്ളവർക്കെതിരെ സമൂഹ മാധ്യമങ്ങള്‍വഴി നടത്തുന്ന അപകീർത്തികരമായ പ്രചാരണങ്ങളെക്കുറിച്ച് ഡൽഹി പൊലീസ് സൈബർ സെൽ രജിസ്റ്റർ ചെയ്ത പ്രത്യേക കേസിൽ അന്വേഷണം തുടരുകയാണ്.