flut

TOPICS COVERED

മൗനത്തിന്റെ ലോകത്തുനിന്ന് കേൾവിയുടെ പുതിയ വെളിച്ചത്തിലേക്ക് കാൽവെച്ച മീഖായേലിന്റെയും മീഹോക്കിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ സന്തോഷം പരത്തിയ ഒന്നാണ്. ജന്മനാ ശ്രവണവൈകല്യമുണ്ടായിരുന്ന ഈ കുരുന്നുകളുടെ ചികിത്സാസഹായത്തിന് താങ്ങായി നിന്നത് മലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലാണ് ഈ കുട്ടികളുടെ ജീവിതത്തിൽ വലിയൊരു വഴിമാറ്റത്തിന് കാരണമായത്.

തുടർപരിശോധനകൾക്കായി രാജഗിരി ആശുപത്രിയിൽ എത്തിയതായിരുന്നു ഈ കുരുന്നുകൾ. അവിടെ അവരെ  കാണാൻ ലോകപ്രശസ്ത പുല്ലാംകുഴൽ വിദ്വാൻ രാജേഷ് ചേർത്തല എത്തുകയായിരുന്നു. കുട്ടികൾ ഡോക്ടറെ കാണുന്നതിനിടെ, മമ്മൂട്ടി ചിത്രങ്ങളിലെ താരാട്ടുപാട്ടുകൾ ഉൾപ്പെടെയുള്ള മധുരഗാനങ്ങൾ പുല്ലാംകുഴലിലൂടെ രാജേഷ് ചേർത്തല ആലപിച്ചു.

ആദ്യമൊന്ന് അത്ഭുതത്തോടെ സംഗീതം കേട്ടുനിന്ന കുട്ടികൾ പിന്നീട് സംഗീതത്തിന്റെ താളത്തിൽ സന്തോഷത്തോടെ തുള്ളിച്ചാടുകയായിരുന്നു. കുട്ടികളുടെ മുഖത്തെ അത്ഭുതവും സന്തോഷവും നിറഞ്ഞ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇതിനെല്ലാം മാറ്റുകൂട്ടിക്കൊണ്ട്, മമ്മൂട്ടി സ്നേഹപൂർവ്വം സമ്മാനിച്ച പുത്തൻ ഓണക്കോടിയുടുത്താണ് മീഖായേലും മീഹോക്കും ആശുപത്രിയിലെത്തിയത്. മമ്മൂട്ടിയുടെ സ്നേഹസമ്മാനവും രാജേഷ് ചേർത്തലയുടെ സംഗീതവും ഒത്തുചേർന്നപ്പോൾ ആ കൂടിക്കാഴ്ച ഏറെ ഹൃദയസ്പർശിയായി.

മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്കിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നുകഴിഞ്ഞു. മമ്മൂക്ക കൈപിടിച്ചുയർത്തിയ ഈ കുഞ്ഞുങ്ങളുടെ മുഖത്തെ പ്രകാശവും, രാജേഷ് ചേർത്തലയുടെ പുല്ലാംകുഴൽ നാദവും സോഷ്യൽ മീഡിയയിൽ ഏവരുടെയും ഹൃദയം കീഴടക്കുകയാണ്.

ENGLISH SUMMARY:

Mammootty's intervention has brought a significant turning point in the lives of children with congenital hearing impairment, who have now stepped into the new light of hearing. Their heartwarming journey from the world of silence to the joy of sound, aided by the actor's support and the melodious tunes of flutist Rajesh Cherthala, is captivating social media.