law-and-order
  • ഇടവേളയ്ക്കു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡറിന് ഉദയകൃഷ്ണയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്

'ഇതെന്‍റെ കഥയാ‍ടാ... ഈ കഥയിലെ നായകന്‍ ഈ ജോര്‍ജ് സാറാ‍ടാ...' ഈ ഒരൊറ്റ ഡയലോഗ് മതി 'തുടരും' സിനിമയിലെ വില്ലന്‍ കഥാപാത്രം ജോര്‍ജ് സാറിനെ ഓര്‍ക്കാന്‍. ജോര്‍ജ് സാറിനെ ശബ്ദംകൊണ്ടും പ്രകടനംകൊണ്ടും നായകനോപ്പം നിര്‍ത്തിയ നടന്‍ പ്രകാശ് വര്‍മ. മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രകാശ് വര്‍മ വില്ലനായിരുന്നെങ്കില്‍, ഇനി നായകനായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് 'ലോ ആന്‍ഡ് ഓര്‍ഡര്‍' എന്ന ചിത്രത്തിലൂടെ. രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ 'നീലകണ്ണുകളുള്ളൊരു വെൺമേഘപക്ഷി...' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് ജോ ഡാനിയലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കപിൽ കപിലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രകാശ് വര്‍മയ്ക്കൊപ്പം അഭിരാമി ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. 

2018 ൽ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ഡ്രാമ’ എന്ന സിനിമയ്ക്കു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന മുഴുനീള സിനിമയാണ് 'ലോ ആന്‍ഡ് ഓര്‍ഡര്‍'. 2024ൽ എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ‘മനോരരഥങ്ങൾ’ എന്ന ആന്തോളജി സിനിയില്‍ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന സെഗ്മെന്‍റ് രഞ്ജിത്ത് സംവിധാനം ചെയ്തിരുന്നു. അടുത്തിടെ സംവിധായകന്‍ ശ്യാമപ്രസാദിനെ നായകനാക്കി 'ആരോ' എന്ന ഹ്രസ്വ ചിത്രവും രഞ്ജിത്ത് ഒരുക്കി. ഇടവേളയ്ക്കു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡറിന് ഉദയകൃഷ്ണയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. 

സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് ചെറുപ്പക്കാരായ എസ്ഐ  മാരുടേയും അവരെ നയിക്കുന്ന ഒരു പൊലീസ് ഓഫീസറുടെയും സംഘർഷഭരിതമായ ഔദ്യോഗിക ജീവിത മുഹൂർത്തങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം. വി. കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ശങ്കർ രാമകൃഷ്ണൻ, നന്ദു തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. 2004 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത 'ബ്ലാക്ക്' സിനിമയിലെ കൾട്ട് കഥാപാത്രം കാരിക്കാമുറി ഷണ്മുഖനായി 'മമ്മൂട്ടി' ഈ ചിത്രത്തില്‍ വീണ്ടും എത്തുന്നുണ്ട്. മഹാ സുബൈർ മൂവീക്ഷേത്ര എന്ന ബാനറിൽ പ്രേമചന്ദ്രൻ എ.ജി, മഹാസുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ് എന്‍റർടൈനറായി അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തും. 

ENGLISH SUMMARY:

Actor Prakash Varma is making a shift from villain to hero in the new Malayalam movie 'Loo and Order'. This film, directed by Ranjith, promises a gripping tale of young police officers protecting law and order.