nivin-mamitha
  • ഓണക്കാലത്ത് തിയറ്ററില്‍ കുടുംബപ്രേക്ഷകരെയും ചെറുപ്പക്കാരെയും ഒരുപോലെ ചിരിപ്പിച്ച് കീഴടക്കാൻ നിവിൻ പോളിയും മമിത ബൈജുവും എത്തുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രവുമായി

മലയാളത്തിന്‍റെ യുവതാരങ്ങളില്‍ നിവിന്‍ പോളിയോളം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മറ്റാര്‍ക്ക് കഴിയും? പ്രണയ നായകനായെത്തി തട്ടത്തിന്‍ മറയത്തിലും ഒരു വടക്കന്‍ സെല്‍ഫിയിലും ചിരിപടര്‍ത്തിയപ്പോള്‍ ബോക്സോഫീസിലും താരമായി. ഈ ഓണക്കാലത്ത് തിയറ്ററില്‍ കുടുംബപ്രേക്ഷകരെയും ചെറുപ്പക്കാരെയും ഒരുപോലെ ചിരിപ്പിച്ച് കീഴടക്കാൻ നിവിൻ പോളി എത്തുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രവുമായി. പ്രേമലുവിന്‍റെ വലിയ വിജയത്തിനു ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 

മലയാളത്തിലും തമിഴിലും തരംഗമായി മാറിയ മമിത ബൈജുവാണ് ചിത്രത്തില്‍ നായികയാകുന്നത്. 'ജസ്റ്റിൻ' എന്ന കഥാപാത്രമായി നിവിൻ പോളിയും 'ആഷ്‌ലി'യായി മമിത ബൈജുവും എത്തുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡിക്കും പ്രണയത്തിനും പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. 'ഓർബിറ്റിങ്', 'ഗോസ്റ്റിങ്', 'സിഗ്മ' തുടങ്ങിയ ജെൻ-സി ട്രെൻഡി വാക്കുകളും ചിരിനിമിഷങ്ങളും നിറഞ്ഞ ട്രെയിലർ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ബോസ് ആന്‍ഡ് കമ്പനിക്കു ശേഷം നിവിന്‍ പോളിയും മമിത ബൈജുവും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം ഓഗസ്റ്റ് 21-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. പ്രേമലു തരംഗത്തിന് ശേഷം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ,  ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. ആദ്യമായാണ് ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ഒരുമിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്. 

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, ശ്യാം മോഹൻ,  ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അജ്‌മൽ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗ്ഗീസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. 

ഈ ഓണക്കാലത്ത് കുടുംബസമേതം പ്രേക്ഷകര്‍ക്ക് ആഘോഷമാക്കാവുന്ന ഒരു കംപ്ലീറ്റ് എന്‍റർടൈനർ തന്നെയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ട്രെയിലര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും പറയുന്നു. പൃഥ്വിരാജ് – വൈശാഖ് കൂട്ടുകെട്ടിന്‍റെ ഖലീഫയാണ് ഓണക്കാലത്തെ മറ്റൊരു റിലീസ്. ദുല്‍ഖര്‍ സല്‍മാന്‍റെ അയാം ഗെയിം റിലീസ് നീട്ടിയതോടെ ഓണം സീസണിലെ ബോക്സോഫീസ് ക്ലാഷ്,  ബെത്‌ലഹേം കുടുംബ യൂണിറ്റും ഖലീഫയും തമ്മിലാകും. 

ENGLISH SUMMARY:

Nivin Pauly is set to entertain audiences this Onam with 'Bethlehem Kutumba Unit', a film directed by Girish AD, who previously helmed the hit 'Premalu'. The movie also features Mamitha Baiju as the lead actress and promises a blend of comedy and romance.