Untitled design - 1

മമ്മൂട്ടിക്ക് തമിഴ്‌നാട്ടിൽ ലഭിച്ച ആരാധകസ്‌നേഹം, വിഡിയോ സഹിതം പങ്കുവെച്ച് നിർമാതാവ് ആന്റോ ജോസഫ്. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് മടങ്ങുമ്പോഴുണ്ടായ സംഭവമാണ്, ആന്റോ ജോസഫ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക് ചെയ്തതോടെ യാത്ര തടസ്സപ്പെട്ടുവെന്നും, ഗൂഗിൾ മാപ്പ് നോക്കിയിട്ടും രക്ഷയുണ്ടായില്ലെന്നും അപ്പോഴാണ് സഹായവുമായി ആരാധകൻ എത്തിയതെന്നും ആന്റോ ജോസഫ് കുറിച്ചു.

പട്ടമംഗലത്തെ പെട്രോൾ പമ്പിൽ വെച്ച് പരിചയപ്പെട്ട പാണ്ഡ്യൻ എന്ന യുവാവാണ് സഹായത്തിനെത്തിയത്. മമ്മൂട്ടിയാണ് കാറിലെന്ന് മനസിലാക്കിയ പാണ്ഡ്യൻ ബൈക്കെടുത്ത് മുന്നിൽ യാത്ര ചെയ്ത് നമുക്ക് വഴി കാട്ടി. പുലർച്ചെ നാലരയോടടുത്ത സമയത്ത് 10 കിലോമീറ്ററോളം ദൂരം പാണ്ഡ്യൻ വഴികാട്ടിയായി സഞ്ചരിച്ചു.- ആന്റോ ജോസഫ് കുറിച്ചു. 

പോസ്റ്റിന്‍റെ പൂർണരൂപം 

അതിരുകടന്ന സ്നേഹം....

“നീങ്കൾ മമ്മൂട്ടി സാറാ? എന്നെ ഫോളോ സൈ ”

പുലർച്ചെ മൂന്നര കഴിഞ്ഞിരുന്നു.

മമ്മൂട്ടി കമ്പനി നിർമിച്ച്  നിധീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ ;കാരക്കുടിയിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്നു ഞങ്ങൾ. ഡ്രൈവർ ഉണ്ണി, ജോർജ്, രമേഷ് പിഷാരടി പിന്നെ ഞാനും. ...

തിരുപ്പത്തൂരിൽ ഹൈവേ ബ്ലോക്ക്‌ ചെയ്തിരിക്കുന്നു. ഗൂഗിൾ മാപ്പ് പലവട്ടം പലവഴികളിലൂടെ ചുറ്റിച്ചു...രക്ഷയില്ല. ഏകദേശം ഒരു മണിക്കൂറോളം സമയം കഴിഞ്ഞു.

അസ്വസ്ഥനായി മമ്മുക്ക പറഞ്ഞു “തിരികെ കാരക്കുടിയിൽ റൂമിലേക്ക് മടങ്ങാം നാളെ രാവിലെ റോഡ് തുറക്കുമായിരിക്കും”

ജോർജ് സമ്മതം മൂളി. ഉണ്ണി വണ്ടി തിരിച്ചു. 

പിഷാരടിയും ഞാനും പരസപരം നോക്കി. നാളത്തെ 

എല്ലാ പ്ലാനുകളും പാളി.സഹായത്തിനു വഴിയിൽ മറ്റ് യാത്രക്കാരോ വാഹനങ്ങളോ ഇല്ല. 

പട്ടമംഗലം എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് കണ്ടു. കൊതുകുവലയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്നു ഒരു ചെറുപ്പക്കാരൻ അയാൾ ചില വഴികൾ ഒക്കെ പറയുന്നുണ്ട് ;അവയിൽ പലതും ഞങ്ങൾ പോയതും ബ്ലോക്ക്‌ ചെയ്യപ്പെട്ടതും ആണ്. അല്പം ദൂരെ ഉറങ്ങുകയായിരുന്നു മറ്റൊരാൾ എത്തി. “നീങ്ക മലയാളികളാ? ”

പിന്നെ കറിനുള്ളിലേക്ക് തുറിച്ചു നോക്കി...മുഖത്ത് ആവേശവും അത്ഭുതവും വന്നു ഉറക്കച്ചടവ് പമ്പ കടന്നു...“നീങ്ക മമ്മൂട്ടി സാറാ!!എന്നെ ഫോളോ സെയ്‌....ഒരു ബൈക്കിൽ 

10 കിലോമീറ്ററോളം അയാൾ ഞങ്ങൾക്ക് വഴി കാട്ടി (ഗൂഗിളിന് പോലും അറിയാത്ത വഴികൾ )

“അപ്പടിയെ സ്ട്രൈറ് കേരള”....അയാൾ കൈ ചൂണ്ടി.....

ഒരു നല്ല മനുഷ്യൻ അയാൾ നാളെ ആരോടെങ്കിലും ;പുലർച്ചെ മമ്മുക്കയെ കണ്ടു എന്നും വഴി കാണിച്ചു എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? പിഷാരടിയുടെ ചോദ്യം...

മമ്മുക്ക കാറിൽ നിന്നിറങ്ങി അയാളുടെ ഫോൺ വാങ്ങി പിഷാരടിക്ക് നൽകി....അയാളെ ചേർത്തു പിടിച്ചു 

ഉൻ പേരെന്ന? 

....പാന്ധ്യൻ....

മമ്മുക്കയുടെ കെയർ & ഷെയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എത്തിയ പിഷാരടി പറഞ്ഞു. .

അയാളുടെ കെയർ നമ്മൾ ഷെയർ ചെയ്യണം ആന്റോ ചേട്ടാ  

ENGLISH SUMMARY:

Mammootty fan love Tamil Nadu was highlighted when producer Anto Joseph shared a video of a fan assisting the actor. The fan, named Pandian, guided Mammootty and his team through a highway block in Tamil Nadu.