തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തൃഷ കൃഷ്ണനെ എപ്പോഴാണ് നിയമിക്കുന്നതെന്ന് ചോദിച്ച് മുതിർന്ന എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ. തൃഷയ്‌ക്കെതിരെ ദ്വയാർഥ പ്രയോഗം നടത്തിയ കേസിൽ ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായി ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഉദയകുമാർ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുഖ്യമന്ത്രി ജോസഫ് വിജയിയെയാണ് ഉദയകുമാർ രാഷ്ട്രീയമായി ലക്ഷ്യമിടുന്നത്.
‘‘വിജയുടെ ‘പ്രിയപ്പെട്ട' തൃഷയെ എപ്പോഴാണ് ഉപമുഖ്യമന്ത്രിയായി നിയമിക്കുന്നത് എന്ന് കാണാൻ തമിഴ്നാട് കാത്തിരിക്കുകയാണ്'' എന്നായിരുന്നു ഒരു പാർട്ടി പരിപാടിയിൽ എഐഎഡിഎംകെ നേതാവിന്റെ ആക്ഷേപം. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരം കർണാടകയിൽ നിന്ന് കാവേരി ജലം വിട്ടുകിട്ടുന്നതിൽ തമിഴ്നാട് സർക്കാർ പരാജയപ്പെട്ടതിനെ വിമർശിക്കുന്നതിനിടെയാണ് തൂത്തുക്കുടിയിൽ നടന്ന ജയലളിത പേരവൈ യോഗത്തിൽ എഐഎഡിഎംകെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഉദയകുമാർ ഈ പരാമർശങ്ങൾ നടത്തിയത്.
സിനിമാ മേഖലയിൽ നിന്നുള്ള സമീപകാല നിയമനങ്ങളുടെ പേരിലാണ് വിജയിക്ക് നേരെ എഐഎഡിഎംകെ നേതാവിന്റെ പരോക്ഷ വിമർശനം. നിർമാതാവ് അർച്ചന കൽപതിയെ തമിഴ്നാട് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് (എച്ച്ആർ ആൻഡ് സി.ഇ.) വകുപ്പ് അടുത്തിടെ പ്രത്യേക ഏഴംഗ സംസ്ഥാനതല സമിതിയിലേക്ക് നിയമിച്ചിരുന്നു. ഉദയകുമാറിന്റെ പരാമർശം തൃഷയുടെ ആരാധകരുടെ പ്രതിഷേധത്തിന് കാരണമായി. നടിയെക്കുറിച്ചുള്ള ഉദയകുമാറിന്റെ പരാമർശങ്ങളെ അപലപിച്ച് തൃഷ ഫാൻസ് അസോസിയേഷൻ മധുരയിലുടനീളം പോസ്റ്ററുകൾ പതിച്ചു.
തൃഷയെക്കുറിച്ച് അപകീർത്തികരമായ രീതിയിൽ സംസാരിക്കുന്നത് ഇതാദ്യമല്ല. വിജയിയാണ് പലപ്പോഴും ആക്ഷേപപരമായ പരാമർശങ്ങൾ നടത്തുന്നവരുടെ ലക്ഷ്യം. ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ പുറത്തുവന്നതുമുതൽ സിനിമാ-രാഷ്ട്രീയ രംഗത്തുള്ളവർക്ക് ഇതിനെക്കുറിച്ച് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന മട്ടിലാണ് അഭിപ്രായപ്രകടനങ്ങളും. കഴിഞ്ഞ ആഴ്ച പാർട്ടി റാലിയിൽ തൃഷയെക്കുറിച്ച് ഉദയനിധി സ്റ്റാലിൻ നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഉദയനിധിയുടെ പരാമർശങ്ങൾ വളച്ചൊടിച്ചതാണെന്നും വ്യക്തികളെയല്ല, സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് അവ ലക്ഷ്യമിട്ടതെന്നുമായിരുന്നു ഡിഎംകെയുടെ നിലപാട്.