mohanlal-mammootty-prithviraj

സംവിധായകൻ വൈശാഖും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന 'ഖലീഫ' ഓണം റിലീസിനൊരുങ്ങുകയാണ്. വൈശാഖുമായി 15 വർഷങ്ങൾക്കു ശേഷം വീണ്ടും ഒരുമിക്കുന്നതിന്‍റെ സന്തോഷം പങ്കുവക്കുകയാണ് പൃഥ്വിരാജ്. തന്നോട് ഈ സിനിമയുടെ കഥ പറയുമ്പോൾ ഇതിനൊരു സംവിധായകൻ ഉണ്ടായിരുന്നില്ലെന്നും ഒരു കൊമേർഷ്യൽ സിനിമയുടെ താളം കൃത്യമായി അറിയാവുന്ന ആളായിരിക്കണം ഇത് ചെയ്യേണ്ടതെന്ന ചിന്തയിലാണ് വൈശാഖിലേക്ക് എത്തിയതെന്നും പൃഥ്വിരാജ് പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയും മോഹൻലാലും താനും ഒന്നിക്കേണ്ടിയിരുന്ന ഒരു വലിയ സിനിമയെക്കുറിച്ചും പൃഥ്വിരാജ് വെളിപ്പെടുത്തി.

'എന്നോട് ഈ സിനിമയുടെ കഥ പറയുമ്പോൾ ഇതിനൊരു ഡയറക്ടർ ഇല്ലായിരുന്നു; ആര് ഡയറക്ട് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനവുമായിരുന്നില്ല. ഒരു കൊമേർഷ്യൽ സിനിമയുടെ ബീറ്റ്സ് അറിയാവുന്ന ആളായിരിക്കണം ഇത് ചെയ്യേണ്ടത് എന്ന ചിന്തയിലാണ് വൈശാഖിന്റെ പേര് വരുന്നത്. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്തിട്ട് 15 വർഷങ്ങളായി, അതുകൊണ്ടുതന്നെ എനിക്ക് വലിയ സന്തോഷമായിരുന്നു. ഇതിനിടയിൽ ഞാനും വൈശാഖും ഒന്നിക്കുന്ന ഒന്നിലധികം സിനിമകൾ പ്ലാനിംഗിൽ ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് അതൊന്നും നടക്കാതെ പോയി.

ഒരുപക്ഷേ ഒരുപാട് പേർക്ക് അറിയില്ല, മമ്മൂട്ടിയും മോഹൻലാലും ഞാനും ഒന്നിക്കുന്ന ഒരു സിനിമയുമായി കുറച്ചു വർഷങ്ങൾക്ക് മുൻപ് വൈശാഖ് വന്നിരുന്നു. ഞങ്ങൾ മൂന്നുപേരും അതിന് ഓക്കെ പറയുകയും അത് ഏതാണ്ട് ഉറപ്പാവുകയും ചെയ്തതാണ്. എന്നാൽ ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുൻപ് മറ്റ് ചില കാരണങ്ങളാൽ അത് നടക്കാതെ പോയി. 15 വർഷങ്ങൾക്ക് ശേഷം വൈശാഖുമായി ഈ സിനിമയ്ക്ക് വേണ്ടി ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ പല സിനിമകളും സൃഷ്ടിച്ച ബെഞ്ച്മാർക്ക് പോലെ ഈ സിനിമയും മാറട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു,' പൃഥ്വിരാജ് പറഞ്ഞു.

ENGLISH SUMMARY:

Actor Prithviraj Sukumaran has shared insights about his upcoming Onam release 'Khalifa', directed by Vaisakh, marking a collaboration after 15 years. During the promotional discussion, Prithviraj revealed that a massive multi-starrer project featuring himself, Mammootty, and Mohanlal under Vaisakh's direction was previously planned and greenlit by all three actors. However, despite everyone agreeing to the film, it unfortunately failed to take off due to unforeseen reasons just before production began. Now, the duo is thrilled to finally reunite for 'Khalifa', aiming to deliver a benchmark commercial entertainer.