• അറിഞ്ഞതിലുമപ്പുറം ചോദിക്കാനും പറയാനും അറിയാനും തിരിച്ചറിയാനും ഒരിടം. മലയാളമനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു കൊളുത്തിയ വിളക്ക് മലയാളിമനസുകളുടെ വെളിച്ചമായ രണ്ടുപതിറ്റാണ്ട്

ലോകമലയാളിക്ക് കാഴ്ചയുടെയും കാഴ്ചപ്പാടിന്‍റെയും പുതിയ തെളിച്ചം സമ്മാനിച്ച  മനോരമ ന്യൂസിന് ഇന്ന് ഇരുപത് വയസ്സ് തികയുന്നു. മിന്നല്‍വേഗത്തില്‍ മാറുന്ന കാലത്തിന് നേരെ പിടിച്ച കണ്ണാടിപോലെ പ്രേക്ഷകര്‍ക്കൊപ്പം മൂന്നാം പതിറ്റാണ്ടിന് തുടക്കമിടുന്നു മനോരമ ന്യൂസ്. വാര്‍ത്താസംസ്കാരത്തിന് രണ്ടുപതിറ്റാണ്ട് മുന്‍പ് പകര്‍ന്ന അതേ ഉണര്‍വോടെ , വിശ്വാസ്യതയോടെ കൂടുതല്‍ സാങ്കേതികത്തികവോടെ മനോരമ ന്യൂസ് മലയാളിക്കൊപ്പം തുടരും. 

അറിഞ്ഞതിലുമപ്പുറം ചോദിക്കാനും പറയാനും അറിയാനും തിരിച്ചറിയാനും ഒരിടം. മലയാളമനോരമ ചീഫ് എഡിറ്റര്‍ കെ.എം.മാത്യു കൊളുത്തിയ വിളക്ക് മലയാളിമനസുകളുടെ വെളിച്ചമായ രണ്ടുപതിറ്റാണ്ട്. കളിയിക്കാവിളവരെ തലപ്പാടിമുതല്‍ തലവാചകങ്ങളായ വാര്‍ത്തകളിലൂടെ ആദ്യംതന്നെ മനോരമ ന്യൂസ് കാഴ്ചയുടെ വ്യാകരണം പുതുക്കി. നാട്ടിടവഴികളിലൂടെയും ഗ്രാമക്കവലകളിലൂടെയും പട്ടണഹൃദയങ്ങളിലൂടെയും മാറ്റങ്ങള്‍ക്കൊപ്പം തുടരുന്ന യാത്ര മൂന്നാം പതിറ്റാണ്ടിലേക്ക്. 

രാഷ്ട്രീയ കേരളത്തിന്‍റെ മാറ്റങ്ങളും പാര്‍ട്ടികളുടെ ഇടര്‍ച്ചകളും തുടര്‍ച്ചകളുമെല്ലാം സമഗ്രമായി പ്രേക്ഷരുടെ മുന്നിലത്തി. തിരഞ്ഞെടുപ്പുകളുടെ ഓരോ സ്പന്ദനങ്ങളും അതേപടി ഒപ്പിയെടുത്ത മികവ്. രാജ്യത്തിന്‍റെ ഭാഗധേയങ്ങള്‍ക്കും നേര്‍സാക്ഷിയായി. ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതൃമാറ്റങ്ങള്‍ മാത്രമല്ല ആത്മീയ നേതൃപരിവര്‍ത്തനങ്ങളും നേരനുഭവമായി മലയാളികളുടെ മുന്നിലേക്ക്. 

ശാസ്ത്രസാങ്കേതിക, അടിസ്ഥാന സൗകര്യ മേഖലയിലെ റോക്കറ്റ് വേഗങ്ങള്‍ക്കൊപ്പം കുതിച്ചു. ദുരന്തങ്ങളില്‍ ഇടവേളകളില്ലാത്ത കവറേജിലൂടെ  തോളോടുതോള്‍ചേര്‍ന്നു, ചിലപ്പോള്‍ ചേര്‍ത്തുപിടിച്ചു. വാദങ്ങള്‍ സമ്പന്നമാക്കിയ സംവാദങ്ങള്‍ . ആക്രോശങ്ങളോ, അര്‍ഥരഹിത അട്ടഹാസങ്ങളോ ആകാത്ത ചര്‍ച്ചകള്‍. അഭിപ്രായ വൈവിധ്യങ്ങളുടെ ആഘോഷ വേദിയായി മാറിയ ന്യൂസ് കോണ്‍ക്ലേവുകള്‍. വര്‍ഷത്തിലെ വാര്‍ത്താതാരത്തെ അറിയാന്‍ മലയാളി ഉദ്വേഗത്തോടെ നോക്കിയിരുന്ന ന്യൂസ്മേക്കര്‍ പ്രഖ്യാപനങ്ങള്‍. സാമൂഹിക പ്രതിബന്ധത വിളിച്ചറിയിച്ച കേരള കാനും നാട്ടൂസൂത്രവും പെണ്‍താരവുമടക്കമുള്ള ദൗത്യങ്ങള്‍.   

വാര്‍ത്താധിഷ്ഠിത ലോകത്ത് ധീരപരീക്ഷണങ്ങളുമായെത്തിയ പരിപാടികള്‍. വാര്‍ത്തകളും വ്യക്തിവിശേഷങ്ങളും ഉറവയെടുത്ത അഭിമുഖങ്ങള്‍. കേരളത്തെയും രാജ്യത്തെയും പിടിച്ചുകുലുക്കിയ ബ്രേക്കിങ് ന്യൂസുകള്‍. പുതിയ കാലത്തിന്റെ ഡിജിറ്റല്‍ ചിറകിലേറെ മനോരമ ന്യൂസ് പുതിയ ലോകങ്ങള്‍ കീഴടക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുന്നു അസഖ്യം മനോരമ ന്യൂസ് വിഡിയോകള്‍. ചിന്തകള്‍ ആര്‍ജിത ബുദ്ധിവഴി നിര്‍മിത ബുദ്ധിയിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന കാലമാണിത്. ആ വേഗത്തിനൊപ്പം തുടരും.... പ്രതിബദ്ധതയുടെ കരുത്തുമായി.

ENGLISH SUMMARY:

Manorama News marks a significant milestone today, celebrating 20 years of journalistic excellence and trusted reporting. Since its founding, the channel has established itself as a cornerstone of Malayalam media, consistently delivering comprehensive coverage of local, national, and international affairs while fostering meaningful public discourse. Known for its balanced debates, innovative programming, and deep-rooted social commitment, Manorama News remains dedicated to its mission as it embraces the digital future. As the channel enters its third decade, it pledges to uphold the same values of credibility and professional rigor that have defined its journey since its inception.