കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളും സ്വാതന്ത്ര്യദിനത്തോടെ ഒരേ നിറത്തിലാകുമെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്. എന്നാല്‍ നിറംമാറാത്ത ഒരു പൊലീസ് സ്റ്റേഷനുണ്ട് തലസ്ഥാനത്ത്. ആഭ്യന്തരമന്ത്രിയോടുള്ള ബഹുമാനക്കുറവല്ല, ചരിത്രപരമായ പ്രത്യേകതയാണ് ഈ പൊലീസ് സ്റ്റേഷന്‍റെ മാറാത്ത നിറത്തിന് കാരണം. ഏതാണ് പൊലീസ് സ്റ്റേഷനെന്നും എന്താണ് കാരണമെന്നും കാണാം.
ആഭ്യന്തരമന്ത്രി പറഞ്ഞ ഒരേ നിറം ഒരേ പെയിന്‍റ് പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരത്തെയും ഏതാണ്ട് അങ്ങനെ തന്നെയായിരുന്നെങ്കിലും ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപന ശേഷം എല്ലായിടത്തും ഒരിക്കല്‍ കൂടി പെയിന്‍റടിച്ച് സൂപ്പറാക്കി. പക്ഷെ ഈ നിറത്തിലേക്ക് മാറാത്ത ഒരേയൊരു സ്റ്റേഷനാണുള്ളത്. മ്യൂസിയം സ്റ്റേഷന്‍.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗവര്‍ണറുടെയുമെല്ലാം ഔദ്യോഗിക വസതി വരുന്നത് ഈ സ്റ്റേഷന് കീഴിലാണ്. പക്ഷെ അവര്‍ ആരും ഉത്തരവിട്ടാലും മ്യൂസിയം സ്റ്റേഷന് നിറംമാറില്ല. അതിന്‍റെ കാരണം ഇതാണ്. മ്യൂസിയം സ്റ്റേഷന്‍റെ ഈ നിറം തലസ്ഥാനത്തെ പഴയ കെട്ടിടങ്ങളുടെ യൂണിഫോം നിറം കൂടിയാണ്. കനകക്കുന്ന് കൊട്ടാരം, പബ്ളിക് ലൈബ്രറി, അയ്യങ്കാളി ഹാള്‍, യൂണിവേഴ്സിറ്റി കോളജ് തുടങ്ങി പ്രധാനപ്പെട്ട സര്‍ക്കാര്‍ മന്ദിരങ്ങളെല്ലാം ഈ നിറത്തില്‍ കാണാം. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച് തിരുവിതാംകൂര്‍ രാജവംശം കേരളത്തിന് കൈമാറിയതാണ് ഈ കെട്ടിടങ്ങളും ഈ നിറവും. 1993ല്‍ കെ.കരുണാകരന്‍റെ കാലത്താണ് മ്യൂസിയത്തോട് ചേര്‍ന്നുള്ള പുരാവസ്തു സംരക്ഷണ മേഖലയില്‍ പൊലീസ് സ്റ്റേഷന്‍ തുടങ്ങിയത്. അങ്ങിനെ പൊലീസ് സ്റ്റേഷനും ഈ നിറത്തിന്‍റെയും ചരിത്രത്തിന്‍റെയും ഭാഗമായി.