രാജ്യം എൺപതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ബാപ്പുജിയോടൊപ്പം ചിലവഴിച്ച ചരിത്ര നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് തൃശൂർ പാർളിക്കാട് സ്വദേശിനി തങ്കമ്മ. ബാപ്പുജിയെ തൊട്ടറിഞ്ഞ ഈ 87 കാരിയെ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു.
രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് മധുരയിലായിരുന്നു കുഞ്ഞ് തങ്കമ്മ താമസിച്ചിരുന്നത്. മധുരയിൽ നടന്നൊരു സമ്മേളന വേദിയിൽ വെച്ചാണ് ഗാന്ധിജിയെ കാണാൻ അവസരം ലഭിച്ചത്. അമ്മാവൻ വേദിയിലെത്തിയ കുട്ടിയെ ഗാന്ധിജി വാരിയെടുത്ത് ആശ്ലേഷിക്കുകയും സംസാരിക്കുകയും ചെയ്തു. ഗാന്ധി താത്താ സ്വാതന്ത്ര്യമെന്ന് ലഭിക്കുമെന്ന് ചോദിച്ച അന്നത്തെ 5 വയസ്സുകാരിക്ക് വൈകാതെ ലഭിച്ചിരിക്കുമെന്ന് വാത്സല്യത്തോടെ ഗാന്ധിജി മറുപടിയും നൽകി. തൊട്ടു പുറകെയുള്ള വർഷം ആ ആഹ്ലാദ വാർത്തയെത്തി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. കൊടികളും ആർപ്പുവിളികളുമായി കുഞ്ഞുനാളിൽ നടന്ന ആ ആഘോഷവും തങ്കമ്മയുടെ ഓർമ്മകളിലുണ്ട്. 87 ന്‍റെ നിറവിലും ഇന്നലെ നടന്ന സംഭവമെന്നോണം എല്ലാം ഓർത്തെടുക്കുന്നു. ഗാന്ധിജിയെ നേരിട്ടു കണ്ട മുത്തശ്ശിയെക്കുറിച്ചു പറയുമ്പോൾ മക്കൾക്കും കൊച്ചുമക്കൾക്കും അഭിമാനമാണ്.