രോഗികളുടെ ആരോഗ്യം നോക്കുന്നതിനൊപ്പം സ്വന്തം ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ ഡോക്ടര്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ എത്തിയത് ദേശീയ പവര്‍ ലിഫ്റ്റിങ് വേദിയില്‍. ആദ്യ മല്‍സരത്തില്‍ തന്നെ വെങ്കല മെഡല്‍. കാരപ്പറമ്പ് സ്വദേശിനി ഡോ.സുജീറ നബീലിന്‍റെ കഠിനാധ്വാനത്തിന്‍റെ ഫലമാണ് ഈ നേട്ടം.

ഒരു കാലത്ത് 119 കിലോ ആയിരുന്നു സുജീറയുടെ ഭാരം. സ്ഥിരമായി ബോഡി ഷെയ്‌മിങ് നേരിടേണ്ടി വന്നു. പക്ഷെ അതൊന്നും സുജീറയെ തളര്‍ത്തിയില്ല. പിന്നീട് ആയുര്‍വേദ ഡോക്ടറുടെ തിരക്കുകള്‍ക്കിടയിലും ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ച് ആദ്യമെത്തിയത് ജിമ്മില്‍. അവിടെ നിന്നും കഠിന പരിശീലനത്തിലൂടെ മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നടന്ന ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് വേദിയിലെ വെങ്കല മെഡല്‍ നേട്ടം വരെ.

കോട്ടയത്തും എറണാകുളത്തുമായി നടന്ന സംസ്ഥാന മാസ്റ്റേഴ്സ് പവര്‍ ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ എം1 വിഭാഗത്തില്‍ മല്‍സരിച്ച് ദേശീയ തലത്തിലേക്ക് യോഗ്യത നേടി. ദേശീയ വേദിയില്‍ 360 കിലോ ഭാരം ഉയര്‍ത്തിയാണ് സുജീറ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. കുടുംബം കട്ടയ്ക്ക് കൂടെ  നിന്നതോടെ സുജീറ തന്‍റെ ലോകം വിശാലമാക്കി. കുട്ടികള്‍ക്കായി സ്കൂളുകളില്‍ കൗണ്‍സലിങും സെക്സ് എഡ്യൂക്കേഷന്‍ ക്ലാസുകളും. ഹൂപ്പേഴ്‌സ്5 ബാസ്കറ്റ്ബോള്‍ ക്ലബ്ബിന്‍റെ പരിശീലക കൂടിയാണ് സുജീറ.

ENGLISH SUMMARY: