ചെറുപുഴ മീന്തുള്ളിയിൽ പ്രളയജലത്തിൽ അകപ്പെട്ട ഒരാളുടെ ജീവൻ രക്ഷിക്കാൻ, സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് 'ലൈഫ് ജാക്കറ്റ്' ഊരിനൽകിയ ആർ. രാജേഷ് കാണിച്ചത് സമാനതകളില്ലാത്ത ധീരതയും ത്യാഗവുമാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. എന്നാൽ, മരണത്തിന്റെ ആഴങ്ങളിലേക്ക് പോയി മറഞ്ഞ ആ വീരനായകന്റെ മൃതദേഹത്തോട് റവന്യൂ, ആരോഗ്യ വകുപ്പുകൾ കാണിച്ച ക്രൂരവും നിരുത്തരവാദപരവുമായ സമീപനം നമ്മെ ഓരോരുത്തരെയൂം കണ്ണ് നനയിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണെന്നും അദ്ദഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേത്തറ്റുവിള രാജേഷ് ഭവനിലെ ആർ. രാജേഷിന്റെ പോസ്റ്റ്‌മോർട്ടം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രി 8.30-ഓടെയാണ് മൃതദേഹം വിട്ടുനൽകിയത്. തിരുവനന്തപുരത്തേക്ക് ദൂരം കൂടുതലായതിനാലും മൃതദേഹം അഴുകിത്തുടങ്ങിയതിനാലും ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് വേണമെന്ന് ബന്ധുക്കൾ ആവർത്തിച്ച് അപേക്ഷിച്ചിരുന്നു. എന്നാൽ 'ഫണ്ടില്ല' എന്ന നെറികെട്ട കാരണം പറഞ്ഞ് അധികാരികൾ ആ ആവശ്യം നിഷ്കരുണം നിരസിക്കുകയാണുണ്ടായത്.
ഫ്രീസർ സൗകര്യമില്ലാത്ത ആംബുലൻസിൽ മൃതദേഹം കയറ്റി അയച്ചതിനെ തുടർന്ന് വഴിമധ്യേ ദുർഗന്ധം വമിക്കുകയും, ഒടുവിൽ ചാവക്കാട് വെച്ച് ബന്ധുക്കൾക്ക് മറ്റൊരു സ്വകാര്യ ഫ്രീസർ ആംബുലൻസിലേക്ക് മൃതദേഹം മാറ്റി കയറ്റേണ്ടി വരികയും ചെയ്തു.
സ്വന്തം ജീവൻ നൽകി മറ്റൊരാളുടെ ജീവൻ രക്ഷിച്ച രാജേഷിനോടും അദ്ദേഹത്തിന്റെ വേദനിക്കുന്ന കുടുംബത്തോടും സർക്കാർ വകുപ്പുകൾ കാണിച്ച ഈ വലിയ അനാദരവ് കടുത്ത അനീതിയാണ്. മനുഷ്യത്വമില്ലാത്ത ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം, ഈ ഗുരുതരമായ വീഴ്ചയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. - ശിവൻകുട്ടി കുറിച്ചു.