ആറന്മുളയിലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മോഡിഫൈ ചെയ്ത ഓഫ് റോഡ് ജീപ്പിന് ഹൈക്കോടതി ചുമത്തിയ പിഴ അഭിഭാഷകർ അടയ്ക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ജീപ്പിന് ആദ്യം എംവിഡി ഇട്ട പിഴത്തുക 5250 രൂപയായിരുന്നു. ഇത് അടച്ചത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയായിരുന്നു. ഇപ്പോൾ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇട്ടിരിക്കുന്ന പുതിയ പിഴ തുകയായ 50,000 രൂപയും അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ് ഈ തുക നൽകുന്നതെന്നും അബിന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആറന്‍മുളയില്‍ ജീപ്പിന്‍റെ ഉടമയായ അമൽ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രളയ രക്ഷാപ്രവർത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നതെന്നും പ്രിയപ്പെട്ട അഭിഭാഷക സുഹൃത്തുക്കൾക്ക് ആറന്മുളക്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നുവെന്നും അബിന്‍ പറഞ്ഞു.
ജീപ്പിന് അര ലക്ഷം രൂപ പിഴ ചുമത്തിയ ഹൈക്കോടതി വിധിയിൽ വിമർശനവുമായി നേരത്തേ അബിൻ വർക്കി എത്തിയിരുന്നു. പ്രളയകാലത്ത് ആറന്മുളയിൽ കുടുങ്ങിയ ഹൈക്കോടതിയിലെ ഉന്നത ഉദ്യോഗസ്ഥരെയും അവരുടെ ബന്ധുക്കളെയും രക്ഷപ്പെടുത്തിയപ്പോൾ ലൈറ്റുകളുടെ എണ്ണമോ നിയമത്തിന്റെ നൂലാമാലകളോ അല്ല നോക്കിയത് എന്നാണ് അബിൻ വർക്കി ഫെയ്സ്ബുക്കിൽ കുറിച്ചത്. മോട്ടോർ വാഹന വകുപ്പ് ആദ്യം ചുമത്തിയ 5,000 രൂപ പിഴ യൂത്ത് കോൺഗ്രസ് അടച്ച് വാഹനത്തിലെ അനധികൃത ലൈറ്റുകൾ നീക്കം ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ എംവിഡിക്ക് അയച്ചു നൽകുകയും ചെയ്തതാണ്. എന്നാൽ അതിനുശേഷവും വീണ്ടും ഉയർന്ന തുക പിഴ ചുമത്തിയത് ശരിയായ രീതിയല്ലെന്നും അബിൻ വർക്കി പറഞ്ഞു. ബഹുമാനപ്പെട്ട ഹൈക്കോടതി വിധിയെ പൂർണ്ണമായും മാനിക്കുന്നു. അതോടൊപ്പം തന്നെ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറന്മുളക്കാരനെ സംരക്ഷിക്കുക എന്നുള്ളത് തന്‍റെ ഉത്തരവാദിത്തമാണ് എന്നാണ് അബിന്‍ വര്‍ക്കിയുടെ നിലപാട്. പ്രളയദുരന്തമുഖത്ത് ഇത്തരം പരിശോധന നടത്തിയത് ശരിയല്ലെന്നും, അതേസമയം കോടതി വിധിയെ മാനിക്കുന്നുവെന്നും അബിന്‍ വിമര്‍ശിച്ചിരുന്നു. വാഹന ഉടമകളായ അമലിനും ആർദ്രയ്ക്കുമൊപ്പം എല്ലാവിധ പിന്തുണയുമായി ഉണ്ടാകുമെന്നും അബിൻ വർക്കി വ്യക്തമാക്കി.
അബിന്‍ വര്‍ക്കിയുടെ കുറിപ്പ്: ‘പ്രിയപ്പെട്ടവരെ, ബഹു.ഹൈക്കോടതിയുടെ നിർദേശ പ്രകാരം ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വണ്ടിക്ക് 50000 രൂപ പിഴയിട്ട സംഭവം ഏറെ ചർച്ചയായതാണ്. അതുമായി ബന്ധപ്പെട്ട് ചിലർ രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി എന്നെയും വാഹന ഉടമയായ അമലിനും എതിരെ നടത്തിയ വിമർശനങ്ങൾക്ക് ഞാൻ മറുപടി നൽകിയിരുന്നു. അപ്പോഴും ഞാൻ പറഞ്ഞിരുന്നു ബഹു. ഹൈക്കോടതി വിധിയെ പൂർണ്ണമായും മാനിക്കുന്നു എന്നത്. അതോടൊപ്പം തന്നെ ആറന്മുളയിൽ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ ആറന്മുളക്കാരനെ സംരക്ഷിക്കുക എന്നുള്ളത് എന്റെ ഉത്തരവാദിത്തമാണ്. അത് കൊണ്ട്, ആദ്യം എം.വി.ഡി ഇട്ട പിഴത്തുകയായ 5250 രൂപ അടച്ചത് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയായിരുന്നു.
ഇപ്പോൾ ഹൈക്കോടതി നിർദ്ദേശപ്രകാരം ഇട്ടിരിക്കുന്ന പുതിയ പിഴ തുകയായ 50000 രൂപയും അടയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ തുക നൽകുന്നത് ആറന്മുളയിൽ വള്ളസദ്യ നേർച്ചയായി നടത്തിയ ഹൈക്കോടതിയിലെ അഭിഭാഷകരാണ്. അന്ന് അമൽ ഉൾപ്പെടെയുള്ളവർ നടത്തിയ പ്രളയ രക്ഷാപ്രവർത്തനത്തിന് അനുമോദനമായിട്ടാണ് ഈ തുക കൈമാറുന്നത്. പ്രിയപ്പെട്ട അഭിഭാഷക സുഹൃത്തുക്കൾക്ക് ആറന്മുളക്കാരുടെ പേരിലുള്ള നന്ദി അറിയിക്കുന്നു’.
പ്രളയ രക്ഷാപ്രവർത്തനങ്ങൾക്കിടെ അവശ്യസാധനങ്ങൾ വാങ്ങാൻ പ്രളയം ബാധിക്കാത്ത അടൂർ ടൗണിൽ അവശ്യസാധനങ്ങൾ വാങ്ങാൻ പോയപ്പോഴാണ് വാഹനം മോട്ടോർ വാഹന വകുപ്പ് ജീപ്പ് തടഞ്ഞ് പരിശോധിച്ചത്. തുടര്‍ന്ന് രൂപമാറ്റത്തിന്റെ പേരിൽ 5,250 രൂപ പിഴ ഈടാക്കുകയായിരുന്നു. എന്നാൽ, വാഹനത്തിന് എം.വി.ഡി ചുമത്തിയ ആദ്യ പിഴ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി പിഴത്തുക 50,000 രൂപയായി ഉയർത്താൻ ഉത്തരവിടുകയായിരുന്നു. പിഴ ഇട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് പ്രതിഷേധത്തെ തുടർന്ന് സ്ഥലം മാറ്റമായി നടപടി ലഘൂകരിച്ചു.