ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ശ്രീപത്മനാഭസ്വാമിയുടെ ചിത്രമുള്ള തപാല്‍ മുദ്രയും കവറും പുറത്തിറക്കുന്നു. ഓഗസ്റ്റ് 10ന് തിരുവനന്തപുരം ഫോര്‍ട്ട് പോസ്റ്റ് ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ തപാല്‍മുദ്രയുടെ ഔദ്യോഗിക പ്രകാശനം നിർവഹിക്കും. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള പത്മനാഭസ്വാമിയുടെ രൂപവും ഉൾപ്പെടുത്തിയതാണ് തപാല്‍മുദ്ര. ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയയ്ക്കുന്ന കത്തുകളിലും പാഴ്‌സലുകളിലുമാണ് ഓഗസ്റ്റ് 10 മുതൽ ഈ മുദ്ര പതിക്കുന്നത്. Also Read: ബാങ്കില്‍ എഫ്.ഡിയുണ്ടോ? നിയമം മാറിയത് അറിഞ്ഞില്ലേ...; പലിശ നിരക്കില്‍ മാറ്റം ഇങ്ങനെ.
ഇതോടെ തപാൽ വകുപ്പിന്റെ സ്ഥിരം തപാല്‍ മുദ്ര ലഭിക്കുന്ന കേരളത്തിലെ നാലാമത്തെ ക്ഷേത്രമാകുകയാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ഇതിനുമുന്‍പ് ശബരിമലയ്ക്കും ഗുരുവായൂര്‍ ക്ഷേത്രത്തിനും കാസര്‍ഗോഡ് മധൂര്‍ സിദ്ധി വിനായക ക്ഷേത്രത്തിനുമാണ് തപാല്‍മുദ്ര ലഭിച്ചിട്ടുള്ളത്. ചരിത്ര സാംസ്കാരിക പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ക്കായി സംസ്ഥാനത്ത് അനുവദിക്കുന്ന 43–ാം സ്ഥിരം മുദ്രയാണിത്.
ശ്രീ പത്മനാഭസ്വാമിയുടെ ചിത്രം പതിച്ച പ്രത്യേക തപാല്‍ കവറും തപാല്‍ വകുപ്പ് ഇതിനോടൊപ്പം പുറത്തിറക്കും. ക്ഷേത്രഗോപുരത്തിന് മുന്നില് ഭഗവാന്‍റെ ചിത്രം സ്വര്‍ണഫോയിലില്‍ പതിപ്പിച്ച പ്രീമിയം തപാല്‍ കവറാണ് പുറത്തിറക്കുന്നത്. ആദ്യഘട്ടത്തില്‍ 200 രൂപ നിരക്കില്‍ 2000 തപാല്‍ കവര്‍ പുറത്തിറക്കാനാണ് തപാല്‍ വകുപ്പിന്‍റെ ആലോചന.