Kochi: People take a boat ride amid rains, in Kochi, Wednesday, March 12, 2025. (PTI Photo)(PTI03_12_2025_000355A)

  • കാലാവസ്ഥാ വകുപ്പ് 'റെഡ് അലർട്ട്' പുറപ്പെടുവിച്ചാൽ സ്‌കൂളുകൾക്ക് അവധി നൽകുന്നത് ഏകദേശം ഉറപ്പാണ്.

മഴ കനത്തതോടെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മഴയുള്ള ദിവസമാണെങ്കില്‍ അവധി ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍മാരുടെ പേജില്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും കമന്‍റുകള്‍ നിറയും. ചില ദിവസങ്ങളില്‍ അതിരാവിലെയാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുന്നത്. ഈ ദിവസങ്ങളില്‍ കളക്ടറുടെ പേജില്‍ 'പൊങ്കാല'യാകും സ്ഥിതി. എന്താണ് മഴ അവധിയുടെ മാനദണ്ഡം. കോഴിക്കോട് ജില്ലാ കളക്ടറായ എം.എസ് മാധവികുട്ടി ഇക്കാര്യം വിശദമാക്കി ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിട്ടുണ്ട്. 

ചുവപ്പാണെങ്കില്‍ ഉറപ്പ്

കാലാവസ്ഥാ വകുപ്പ് 'റെഡ് അലർട്ട്' പുറപ്പെടുവിച്ചാൽ സ്‌കൂളുകൾക്ക് അവധി നൽകുന്നത് ഏകദേശം ഉറപ്പാണ്. മറ്റ് കാര്യങ്ങൾ പരിശോധിച്ചു സമയം കളയാതെ ഇതൊരു നേരിട്ടുള്ള തീരുമാനമായിത്തന്നെ കണക്കാക്കുന്നു. എന്നാൽ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍ വരുന്ന ഘട്ടത്തില്‍ കളക്ടര്‍മാര്‍ സ്വന്തം നിലയിലാണ് തീരുമാനമെടുക്കുന്നത്. അലര്‍ട്ടുകള്‍ക്കപ്പുറം വെള്ളക്കെട്ട്, ചില വാർഡുകളിലെ ഉരുൾപൊട്ടൽ ഭീഷണി, നദികളിലെ ജലനിരപ്പ്, റോഡുകളുടെ അവസ്ഥ തുടങ്ങിയ പ്രാദേശിക വിവരങ്ങൾ തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, ആർ.ഡി.ഒമാർ, പഞ്ചായത്തുകൾ എന്നിവരിൽ നിന്നും അടിസ്ഥാനമാക്കിയാണ് കളക്ടര്‍മാര്‍ തീരുമാനത്തിലെത്തുന്നത്.

മഴ ശക്തം; 10 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

പ്രവചനങ്ങൾ മാത്രം നോക്കി അവധി പ്രഖ്യാപിക്കാനോ പ്രഖ്യാപിക്കാതിരിക്കാനോ കഴിയില്ല. കാലാവസ്ഥാ പ്രവചനത്തോടൊപ്പം പ്രാദേശികവും അന്നത്തെ കൃത്യവുമായ വിവരങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ ജില്ലാതല പ്രവചനത്തിനൊപ്പം പ്രാദേശിക വിവരങ്ങൾ കൃത്യമായി നൽകുന്ന 'ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ' (AWS) നിന്നുള്ള വിവരങ്ങളും ഒത്തുനോക്കും. മിക്കപ്പോഴും രാത്രി വൈകി, ലഭ്യമായ വിവരങ്ങൾ മാത്രം വച്ചുകൊണ്ട് വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് അവധി തീരുമാനമെടുക്കുന്നത്.

കളക്ടര്‍മാര്‍ ഉറങ്ങുകയാണോ?

കളക്ടർമാർ അവധി തീരുമാനത്തോട് ഉദാസീനത കാണിക്കുന്നു എന്ന വിമർശനം തെറ്റാണെന്ന് കുറിപ്പില്‍ പറയുന്നു. കളക്ടറുടെ ജോലിക്കാലയളവിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ തീരുമാനങ്ങളിലൊന്നാണിത്. രാത്രി മുഴുവൻ കാലാവസ്ഥാ വിവരങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർക്ക് ഉറക്കം നഷ്ടപ്പെടാറുണ്ട്. ആവശ്യമില്ലാതെ അവധി നൽകുന്നതും, അവധി നൽകേണ്ട സമയത്ത് നൽകാതിരിക്കുന്നതും ഒരുപോലെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പൂർണ്ണമായും കാര്യങ്ങളെ ഗൗരവത്തോടെ കണ്ട്, കൃത്യമായ തീരുമാനത്തിലെത്താനുള്ള ആശങ്കയും ജാഗ്രതയും നിലനിൽക്കുന്ന സ്ഥാനത്താണ്, ഉദ്യോഗസ്ഥരുടെ ഉദാസീനതയായി ഇതിനെ പൊതുജനം തെറ്റിദ്ധരിക്കുന്നതെന്ന് കുറിപ്പ് പറയുന്നു. 

ലഭ്യമായ വിവരങ്ങൾ വച്ച് പരമാവധി കൃത്യതയോടെ തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നത്. വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുൻപ്, ആ നിമിഷത്തിൽ ലഭ്യമായ ഡാറ്റ വച്ച് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി ആളുകൾ മനസിലാക്കുമെന്ന് കരുതുന്നു എന്നും കുറിപ്പിലുണ്ട്. 

ENGLISH SUMMARY:

Kozhikode District Collector M.S. Madhavikutty recently explained the rigorous process and criteria behind declaring rain holidays for educational institutions in Kerala. While a red alert from the weather department usually guarantees a holiday, decisions regarding orange and yellow alerts require careful evaluation of localized factors like waterlogging, river water levels, and landslide threats reported by local officials. Collectors balance regional data from Automatic Weather Stations (AWS) and field officers, often making high-pressure decisions late at night based on real-time updates. Addressing public criticism, the post emphasizes that these crucial choices involve extensive midnight monitoring and are made with deep responsibility rather than apathy.