• പയ്യാനിത്തോട്ടത്ത് നീറുന്ന കാഴ്ച. പൂഞ്ഞാറില്‍ ഇത്തരമൊരു അവസ്ഥ ആദ്യമായെന്ന് നാട്ടുകാര്‍. നിറഞ്ഞൊഴുകി മീനച്ചിലാര്‍

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍  കനത്ത നാശനഷ്ടം. പത്തനംതിട്ടയിലെ പയ്യാനിത്തോട്ടത്തെ കാഴ്ച ആരെയും ഞെട്ടിക്കും. മലവെള്ളപ്പാച്ചില്‍ പ്രദേശത്തെയാകെ മാറ്റിമറിച്ചു. മണിക്കൂറുകള്‍ നിന്നു പെയ്ത മഴയില്‍  മണക്കാട്ട് ജോണിയുടെ വീട് പൂര്‍ണമായും മണ്ണിനടിയിലായി.

അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജോണിയു‌ടെ മകന്‍ ജോസഫിന്‍ ജോണിയുടെ മൃതദേഹം ചെളിയില്‍ പുതഞ്ഞ  നിലയില്‍  കണ്ടെത്തിയത് നീറുന്ന കാഴ്ചയായി. അമ്മ റജീനയെ കണ്ടെത്താനുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

2018ലെ വെള്ളപ്പൊക്കത്തില്‍പ്പോലും ഇത്തരമൊരു കാഴ്ച പൂഞ്ഞാര്‍ കണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് കാലുറപ്പിക്കാനാവാത്ത തരത്തില്‍ ചെളി നിറഞ്ഞിരിക്കുകയാണ്. അതിനിടെ ഒരു അഗ്നിശമന സേനാംഗത്തിന്‍റെ കാലുകള്‍ പൂര്‍ണമായും ചെളിയില്‍ പൂണ്ടുപോയി. സഹപ്രവര്‍ത്തകരെത്തിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. കുറച്ച് മണിക്കൂര്‍ മാത്രമാണ് മഴ പെയ്തതെന്നും 200അടി മുകളില്‍ നിന്നും മണ്ണൊലിച്ചു വന്നെന്നും നാട്ടുകാര്‍ പറയുന്നു. 

മരങ്ങളെല്ലാം കടപുഴകി വീണു. മീനച്ചിലാറിലെയും മണിമലയാറിലേയും ജലനിരപ്പ് അതിവേഗം ഉയര്‍ന്നു. മീനച്ചിലാറിലെ വെള്ളം അഞ്ചടിയായിരുന്നത് 20 അടിയായി ഉയര്‍ന്നത് അതിവേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.  പൊലീസും ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും നാട്ടുകാരും ഒന്നിച്ചാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത് . ഇന്നലെ രാത്രി മുതല്‍ തന്നെ ജാഗ്രതയിലായിരുന്നുവെന്ന് നാട്ടുകാരും രക്ഷാസംഘവും പറയുന്നു. 

ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. മഷിക്കല്ലേല്‍ സുമതിയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍ സുമതിയുടെ വീട് പൂര്‍ണമായും മണ്ണിനടിയിലായി. വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാറിയാണ് മൃതദേഹം ലഭിച്ചത്. ഇടുക്കി ഏലപ്പാറയില്‍ വീടുകളില്‍ വെള്ളം കയറി. ചെമ്മണ്‍ ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. ജില്ലയില്‍ വിവിധയിടങ്ങളില്‍ പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന്‍ നായരാണ് മരിച്ചത്

കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. മേഖലയില്‍ ആറു വീടുകളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. വാഗമണ്ണില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആറു കേന്ദ്രങ്ങളില്‍ ക്യാംപുകള്‍ തുറന്നു. തൊടുപുഴ ആലക്കോട് രണ്ട് വീടുകള്‍ തകര്‍ന്നു. കോട്ടയത്ത് മൂന്നിലവില്‍ ഉരുള്‍പൊട്ടി. ഒരു വീട് പൂര്‍ണമായും ഒലിച്ചുപോയി. കൂട്ടിക്കല്‍‌ കൊടുങ്ങയിലും പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്തും ഉരുള്‍പൊട്ടി. ഈരാറ്റുപേട്ട, കൂട്ടിക്കല്‍ ടൗണുകളില്‍ വെള്ളം കയറി. മുണ്ടക്കയം–എരുമേലി റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. എരുമേലി കൊരട്ടിയില്‍ ഒറ്റപ്പെട്ട കുടുംബത്തെ രക്ഷിച്ചു.

At Payyanithottam near Poonjar, a massive mudslide originating 200 feet above completely buried a house:

Heavy rainfall and severe landslides triggered catastrophic destruction across Kottayam, Idukki, and Pathanamthitta districts in Kerala. At Payyanithottam near Poonjar, a massive mudslide originating 200 feet above completely buried a house, resulting in the death of Josephin John while search operations continue for his missing mother, Rejina.In Idukki's Kudayathur, another landslide claimed the life of Sumathi after sweeping her residence 200 meters away, while the Meenachil River experienced an unprecedented water level surge from 5 feet to 20 feet within hours.