കൃഷിസ്ഥലത്ത് കര്‍ഷകന് വഴികാട്ടിയായി ഒരു മൊബൈല്‍ ആപ്പ്. സമഗ്ര കാര്‍ഷിക വിവരങ്ങള്‍ ലഭ്യമാക്കി, കൃഷി എങ്ങനെ ചെയ്യണമെന്നും ലാഭകരമായി കൊണ്ടുപോകണം എന്നും ആപ്പ് കാണിച്ചുതരും. പാലക്കാട് മങ്കര സ്വദേശിയായ റിജീഷ് രാജന്‍, എഐ സഹായത്തോടെ തയാറാക്കിയ ആപ്പ് ഹിറ്റായി കഴിഞ്ഞു.
കൃഷിയിടം സ്വന്തമായുള്ളതോ പാട്ടത്തിന് എടുത്തതോ എന്തുമാകട്ടെ.. ഇവിടെ ഏത് കൃഷി വിജയിക്കും? ഏത് വിത്ത് ഇറക്കണം? എങ്ങനെ നടണം? എങ്ങനെ പരിപാലിക്കണം? എപ്പോള്‍ വളം ചെയ്യണം? കീട ബാധ ഉണ്ടായാല്‍ എന്തുചെയ്യും? എന്ത് ലാഭം കിട്ടും? തുടങ്ങി കര്‍ഷകരെ അലട്ടുന്ന എല്ലാം പ്രശ്നങ്ങള്‍ക്കും ഡാറ്റ അധിഷ്ഠിത മറുപടി ലഭിക്കും. അതാണ് സിംപ്ലിഫൈ അഗ്രി ആപ്പ്.
2022ല്‍ റീജീഷ് രാജനും ടീമും തുടങ്ങിയ സംരംഭത്തിന്‍റെ ഭാഗമാണ് ഈ ആപ്പ്. അച്ഛന്‍റെ കൃഷി പാരമ്പര്യം.. കൃഷി നഷ്ടത്തിലെന്ന പതിവ് പല്ലവി.. ഇതൊക്കെയാണ് ഇങ്ങനെ ഒരു ആശയത്തിലേക്ക്, സോഫ്റ്റ് വെയര്‍ എന്‍ജിനീയറും കര്‍ഷകനുമായ റിജീഷിനെ എത്തിച്ചത്.
ഗൂഗിള്‍ മാപ്പില്‍ സ്വന്തം കൃഷിയിടം മാര്‍ക്ക് ചെയ്ത് വെര്‍ച്വല്‍ ഫാം സജ്ജമാക്കാം. തുടര്‍ന്ന് ക്രോപ്പ് പ്ലാന്‍ കിട്ടും. ഒരോദിവസവും വേണ്ട പരിപാലന ടാസ്കുകള്‍ നോട്ടിഫിക്കേഷനായി ലഭിക്കും. എഐ അധിഷ്ഠിതമായി ഈ കാര്‍ഷിക ഡാറ്റകള്‍ പുതുക്കാന്‍ ഒരു വലിയ ടീം തന്നെ റിജീഷിന് ഒപ്പമുണ്ട്. വിഎഫ്പിസികെ വഴി ഈ ആപ്പ് കൂടുതല്‍ കര്‍ഷകരിലേക്ക് എത്തുകയാണ്. ബിസിനസ് രൂപത്തില്‍ തന്നെ കൃഷി കൈകാര്യം ചെയ്താല്‍ നഷ്ടക്കണക്ക് മറക്കാം എന്ന മറുപടിയാണ് റിജീഷിനുള്ളത്.