ഇന്നലെകള്‍ എത്ര വലിയ ദുരന്തമായാലും ഇന്ന് നല്ലത് നടക്കും എന്ന പ്രതീക്ഷയോടെയാണ് നമ്മള്‍ ഓരോ ദിവസവും ആരംഭിക്കുന്നത്. ഏത് യാത്രയും – ബസിലായാലും ട്രെയിനിലായാലും സ്വന്തം വണ്ടിയിലായാലും – സുരക്ഷിതമായ ലക്ഷ്യസ്ഥാനത്ത് എത്തണേ എന്നായിരിക്കുമല്ലോ എന്നാവരുടെയും പ്രാര്‍ഥന. എന്നാല്‍ ഇപ്പോള്‍ ചില സ്വകാര്യബസുകളില്‍ കയറി പൈസ കൊടുത്ത് ടിക്കറ്റ് വാങ്ങിയവര്‍ ടിക്കറ്റിന്റെ മറുപുറത്ത് ഒരു വാചകം കണ്ട് ഞെട്ടുകയാണ്. ‘നിങ്ങള്‍ വീടെത്തില്ല’ എന്ന്!
ടിക്കറ്റ് വാങ്ങിയവര്‍ കണ്ടക്ടറുടെ മുഖത്തുനോക്കി ഒരേ സ്വരത്തില്‍ ചോദിക്കുന്നത് ‘ഇതെന്ത് വര്‍ത്തമാനമാണെടോ...’ എന്നാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഈ വാചകം തരംഗമാണ്. ഒരു സ്വകാര്യബസിലെ യാത്രക്കാരന്‍ കണ്ടക്ടറോട് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹത്തിനും വ്യക്തമായി ഒന്നും അറിയില്ല. ഇനി ഏതെങ്കിലും ഉല്‍പ്പന്നത്തിന്‍റെ പരസ്യമാണോ എന്ന് ചോദിച്ചാല്‍, ‘ആകാനും ആകാതിരിക്കാനും സാധ്യതയുണ്ട്’ എന്നൊരു അഴകൊഴമ്പന്‍ മറുപടി. ടിക്കറ്റ് വാങ്ങിയ യാത്രക്കാരെല്ലാം ഇടംവലം തിരിയാതെ മുന്നോട്ട് നോക്കിയിരുന്ന് ദൈവത്തെ വിളിച്ച് ഇരിപ്പാണ്. ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങിക്കഴിയുമ്പോള്‍ ഒരു ദീര്‍ഘനിശ്വാസം കേള്‍ക്കാം.
AI Generated Image
‘നിങ്ങള്‍ വീടെത്തില്ല!’ എന്ന എന്ന വാചകത്തിന്‍റെ പൊരുള്‍ തേടി ഞങ്ങളും ബസ് ജീവനക്കാരെയും ഉടമകളെയുമൊക്കെ സമീപിച്ചു. അതില്‍ ബസുടമയായ സിറാജ് പറഞ്ഞതാണ് കുറച്ചെങ്കിലും വിശ്വസനീയമായി തോന്നിയത്. പ്രിയദര്‍ശിനി ബസുകള്‍ വ്യാപകമായി രംഗത്തുവന്നതോടെ സ്വകാര്യബസുകളില്‍ സ്ത്രീകള്‍ കയറുന്നത് കുറഞ്ഞു. വരുമാനവും കുറഞ്ഞു. സര്‍ക്കാര്‍ സഹായിക്കുന്നുമില്ല. അതില്‍ പ്രതിഷേധിച്ച്, ഇങ്ങനെ പോയാല്‍ ‘ഞങ്ങള്‍ വീടെത്തില്ല’ എന്ന ഉദ്ദേശ്യത്തോടെ ഒരു മെസേജ് ഇറക്കിയതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഉദ്ദേശിച്ചത് ഒന്നും സംഭവിച്ചത് നേര്‍വിപരീതവുമാണ് എന്ന് പറയേണ്ടതില്ലല്ലോ. ഇനി ഇതുതന്നെയാണ് സത്യമെങ്കില്‍ ഇപ്പോള്‍ ബസില്‍ കയറുന്നവര്‍ കൂടി പേടിച്ച് കയറാതിരിക്കാനുള്ള സാധ്യതയുണ്ട്.
ഏതായാലും ടിക്കറ്റ് കിട്ടിയവരെല്ലാം ഈ ദ്രോഹത്തിന്റെ പിന്നാമ്പുറക്കഥ അറിയാനായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ഓഫീസിലേക്ക് പോകാനിറങ്ങിയപ്പോള്‍ കിട്ടിയ ടിക്കറ്റ് കണ്ട് ‘പകച്ചുപോയി ബാല്യം’ എന്നാണ് ഒരാളുടെ കമന്റ്. ‘വീടെത്തുംവരെ നെഞ്ചില്‍ തീക്കനലായിരുന്നു’ എന്നാണ് മറ്റൊരാള്‍ പറയുന്നത്. ‘വീട്ടില്‍ എത്തിയതുകൊണ്ട് പോസ്റ്റിടാന്‍ പറ്റി’ എന്നാണ് മറ്റൊരു കമന്റ്. ‘ഇത്രയും പേടിച്ച യാത്ര ഉണ്ടായിക്കാണില്ല ആര്‍ക്കും’ എന്നാണ് മറ്റൊരു അഭിപ്രായം.
പ്രിയദര്‍ശിനി സര്‍വീസുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. 45 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷനോട് നിര്‍ദേശിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതുപോലെ സ്വകാര്യബസ് മേഖലയെയും സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് സിറാജ് മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി എറണാകുളം ജില്ലയിലെ എല്ലാ താലൂക്കുകളിലും ധര്‍ണ നടത്തുന്നുണ്ട്. സര്‍ക്കാരിനെതിരല്ല ഈ നീക്കമെന്നും ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്വകാര്യ ബസുടമകളും ജീവനക്കാരും ഇനി വീട്ടിലെത്തില്ല എന്നാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.