വയനാട്ടില്‍ കനത്തമഴയെത്തുടര്‍ന്ന് ക്വാറികൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ട്രെക്കിങ്ങിനും വിലക്ക്. മുണ്ടക്കൈ, ചൂരല്‍മല, കള്ളാടി മേഖലകളില്‍ ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിര്‍ദേശം. കോഴിക്കോടിന്റെ മലയോര മേഖലയിലുണ്ടായ ശക്തമായ മഴയില്‍ മുത്തപ്പന്‍പുഴ ചപ്പാത്തില്‍ വെള്ളം കയറി.
ഇന്നലെ രാത്രി മുതൽ ഇടവിട്ട് കനത്ത മഴ തുടരുന്ന വയനാട്ടില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കും ക്വാറികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രവര്‍ത്തനം നിര്‍ത്തണം. ട്രെക്കിങ് പാടില്ല. മുണ്ടക്കൈ, ചൂരല്‍മല, കള്ളാടി മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായും ദുരന്തസാധ്യതയുള്ള ഇടങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ 8, 9, 10, 11, 12 വാർഡുകളിലെ സ്കൂളുകൾക്ക് അവധിയാണ്. കോഴിക്കോടിന്‍റെ മലയോര മേഖലയില്‍ കനത്ത മഴയില്‍ മുത്തപ്പന്‍പുഴ ചപ്പാത്തില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. 150 ഓളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. രണ്ട് മാസം മുമ്പ് ഇതേ ചപ്പാത്ത് ഒലിച്ചുപോയതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ചപ്പാത്ത് നിര്‍മിച്ചത്. മഴ ശക്തമായതോടെ ഇരുവഞ്ഞിപ്പുഴയിലെ ജലനിരപ്പ് ഉയര്‍ന്നു. അതേസമയം കോഴിക്കോട് നഗരമേഖലയില്‍ മഴയില്ല. മൂന്നാർ ഹെഡ് വർക്ക് ഡാമിൻറെ സമീപം ദേശീയപാതയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു. ഭാഗികമായി തടസപ്പെട്ട ഗതാഗതം മണ്ണുമാറ്റി പുനസ്ഥാപിച്ചു. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി വലിയ തോതിൽ മണ്ണെടുപ്പ് നടത്തിയതോടെ പ്രാദേശത്ത് ആശങ്ക നിലനിൽക്കുകയാണ്. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളടക്കം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.