കേരളത്തിലുൾപ്പെടെയുള്ള പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി ലോല മേഖല പരിധിയിൽ മാറ്റംവരുത്താതെ കേന്ദ്രസർക്കാർ. ഏഴാമത് കരട് വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാന സർക്കാർ നിർദേശം പരിഗണിച്ചില്ല. ഔദ്യോഗിക ഗസറ്റിലുള്ള കരടിൽ 60 ദിവസത്തിനകം അഭിപ്രായമറിയിക്കാം. 

കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ലോല മേഖല. 2024 ജൂലൈ 31ന് കേന്ദ്രം പുറപ്പെടുവിച്ച ആറാമത്തെ കരട് വിജ്ഞാപനത്തിലും ഇതുതന്നെയാണുള്ളത്. ഉപഗ്രഹ സർവേകൾക്കും നേരിട്ടുള്ള പരിശോധനകൾക്കും പിന്നാലെ ഈ പരിധി 8590.69 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവയെ പൂർണമായും സംരക്ഷിച്ചുകൊണ്ട് വനമേഖലകൾ മാത്രം ഇഎസ്‌എ ആക്കുക എന്നതായിരുന്നു  ലക്ഷ്യം.

ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പരിസ്ഥിതി ലോല പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല. വയനാട്ടിലെയും ഇടുക്കിയിലെയും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകൾ ഒഴിവാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സഞ്ജയ് കുമാർ അധ്യക്ഷനായ കേന്ദ്ര വിദഗ്ധ സമിതി. ഏഴാമത് കരട് വിജ്ഞാപനത്തിലും പഴയ വിജ്ഞാപനത്തിലെ വരികൾ ആവർത്തിക്കുകയാണ്. കേരളത്താറൊപ്പം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക,‌ തമിഴ്‌നാട് എന്നീവിടങ്ങളിലായി 56825.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ആകെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ജൂലൈ 27ന് അവസാനിച്ചിരുന്നു.