ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി നടപടികൾ കർശനം. ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം. രണ്ട് വർഷത്തിലധികം വൈകിയുള്ള രജിസ്ട്രേഷനുകൾക്ക് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാകും. ജനന-മരണ രജിസ്ട്രേഷനുകൾ വൈകിയാൽ ഇനി പണിയാകും. നടപടികൾ കർശനമാക്കി രജിസ്ട്രേഷൻ ഓഫ് ബർത്ത്സ് ആൻഡ് ഡെത്ത്സ് ഭേദഗതി ബിൽ, ഉടൻ പാർലമെന്റിൽ അവതരിപ്പിക്കകൊണ് സർക്കാർ നീക്കം.

ഒരു വർഷത്തിലധികം വൈകിയുള്ള ജനന-മരണ രജിസ്ട്രേഷനുകൾക്ക് ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവരിൽ ഒരാളുടെ അനുമതിയാണ് ആവശ്യമുള്ളത്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം ഈ കാലതാമസത്തെ രണ്ടായിതിരിക്കും. ജനനം അല്ലെങ്കിൽ മരണം സംഭവിച്ച് ഒന്നുമുതൽ രണ്ട് വർഷം വരെയുള്ള കാലയളവിലാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ നിലവിലെ വ്യവസ്ഥകൾ തുടരും. രജിസ്ട്രേഷൻ രണ്ട് വർഷത്തിലധികം വൈകുകയാണെങ്കിൽ വ്യവസ്ഥകൾ കർശനമാകും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പ്രത്യേക ഉത്തരവിലൂടെ മാത്രമേ രജിസ്ട്രേഷൻ അനുവദിക്കുകയുള്ളൂ. വളരെ വൈകിയുള്ള രജിസ്ട്രേഷനുകളുടെ അധികാരം എക്സിക്യൂട്ടീവിൽ നിന്ന് ജുഡീഷ്യറിയിലേക്ക് മാറും.

വൈകിയുള്ള രജിസ്ട്രേഷനുകൾക്ക് അനുമതി നൽകുന്നതിന് മുമ്പ്, നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥൻ ജനനമോ മരണമോ സംബന്ധിച്ച വിവരങ്ങളുടെ കൃത്യതയും ആധികാരികതയും കർശനമായി പരിശോധിച്ചുറപ്പാക്കണമെന്നും ബില്ലിലുണ്ട്. കൂടാതെ, വൈകി രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേകം ഫീസും ഈടാക്കും. ജനന-മരണ വിവരങ്ങൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും വ്യാജ രജിസ്ട്രേഷനുകൾ തടയാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ENGLISH SUMMARY:

Birth and Death Registration Amendment Bill is being prepared by the central government with stricter procedures for delayed registrations. This aims to ensure timely reporting of birth and death information and prevent fraudulent registrations.