baby-nilambur

TOPICS COVERED

  • ആശുപത്രി ശുചിമുറിയില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത

മലപ്പുറത്തെ അകമ്പാടത്ത് നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിക്കുള്ളിലെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. തിങ്കളാഴ്ച രാത്രി 12മണിയോടെയാണ് വയറുവേദനയെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. ഗര്‍ഭിണിയാണെന്നുള്ള കാര്യങ്ങളെല്ലാം മറച്ചുവച്ചായിരുന്നു യുവതിയും കുടുംബവും ഫാത്തിമ ആശുപത്രി ജീവനക്കാരോട് സംസാരിച്ചത്. 

തുടര്‍ന്ന് രക്തസ്രാവം കൂടിയതിനാലും ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാലും മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതിനിടെ യുവതി ശുചിമുറിയില്‍ പോവണമെന്ന് ആവശ്യപ്പെട്ടു. നേരെ അകത്തുകയറി പ്രസവിച്ച ശേഷം കു‍ഞ്ഞിനെ ബക്കറ്റിലിട്ടുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ശുചിമുറിയില്‍ നിന്നും പുറത്തുവന്ന യുവതി നേരെ നിലമ്പൂര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. 

വയറ്റിലെന്തോ പൊട്ടിയതുകൊണ്ടാണ് രക്തസ്രാവമെന്നായിരുന്നു യുവതി ആംബുലന്‍സ് ഡ്രൈവറോടടക്കം പറഞ്ഞതെന്ന് റിപ്പോര്‍ട്ടുണ്ട്. അകമ്പാടത്തെ ഫാത്തിമ ആശുപത്രിയിലാണ് ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.ചാലിയാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയത്. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് ബക്കറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

ഉടന്‍ തന്നെ ജീവനക്കാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ് തലേദിവസം വന്ന യുവതിയുടെതാണ് കുഞ്ഞെന്ന് സ്ഥിരീകരിച്ചു. നിലവില്‍ നിലമ്പൂരിലെ ആശുപത്രിയില്‍ പ്രസവശേഷമുള്ള നിരീക്ഷണത്തിലാണ് യുവതി . യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത. ഒപ്പം ഭര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറയുന്നു. കു‍ഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം നടപടികളും ഇന്നുണ്ടാകും. 

Newborn Found Dead in Hospital Restroom Bucket in Malappuram; Mother Concealed Pregnancy:

A newborn baby was found dead inside a bucket in a hospital restroom at Akampadam in Malappuram under mysterious circumstances. The woman was admitted around midnight complaining of severe stomach pain, keeping her pregnancy a complete secret from hospital authorities. After giving birth inside the restroom and abandoning the baby in a bucket, she informed the ambulance driver that her bleeding was caused by something "bursting" in her stomach before transferring to Nilambur Hospital. Police have launched an investigation, tracked down the woman, and are currently recording statements from her, her husband, and family members.