സ്വന്തം വീടിനുള്ളിൽ അതിക്രമിച്ചു കടന്നുള്ള അജ്ഞാതന്റെ തുടർച്ചയായുള്ള ആക്രമണത്തിന് ഇരയാകുന്നതിന്റെ ഭീതിയിലാണ് മലപ്പുറം ഡിപിഒ റോഡിൽ താമസിക്കുന്ന വിദേശത്തു നിന്നുള്ള അതിഥി സിയാര. സൈബീരിയൻ ഹസ്കീ ഇനത്തിൽപ്പെട്ട നായ സിയാരയാണ് ഇടയ്ക്കിടെ അജ്ഞാതന്റെ ക്രൂരമായ ആക്രമണത്തിന് ഇരയാവുന്നത്.
സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട സിയാരക്കിപ്പോൾ പുറത്തേക്ക് നോക്കാൻ പോലും ഭയമാണ്. ഇരുട്ടിനെ അതിലേറെ പേടിയാണ്. സുരക്ഷിതമായ ചുറ്റുമതിലും ഗേറ്റും വീടിനുണ്ട്. എന്നിട്ടും മുറ്റത്തിറങ്ങിയാൽ ഇടക്കിടെ ഏതോ ഒരു അജ്ഞാതൻ ക്രൂരമായി ആയുധങ്ങളുമായി ആക്രമിക്കുകയാണ്. തന്നെ നോക്കി വച്ച് മറ്റൊരു തെരുവുനായ ആക്രമിക്കുകയാണെങ്കിൽ പോലും ക്ഷമിക്കാമായിരുന്നു. ഏതോ മനുഷ്യൻ ആക്രമിക്കുന്നുവെന്നാണ് കുടുംബം ഉറപ്പിച്ചു പറയുന്നത്. ആക്രമണത്തിൽ സിയാരയ്ക്ക് സാരമായി പരുക്കേറ്റിരുന്നു.
മലപ്പുറം എസ് പി ഓഫീസിൽ നിന്നു വിരമിച്ച മയൂഖത്തിൽ ശ്രീധരനും സഹകരണ വകുപ്പിൽ നിന്നു വിരമിച്ച ഭാര്യ ജാനകിയും പ്രിയപ്പെട്ട വളർത്തുനായ ഇടക്കിടെ ആക്രമിക്കുന്നതിന്‍റെ കാരണം കണ്ടെത്താനാവാതെ വേദനയിലാണ്. ഇതിനിടെ 4 പ്രാവശ്യം സിയാരക്കെതിരെ ആക്രമണമുണ്ടായി. അജ്ഞാതൻ ഈ പാവത്തെ ആക്രമിക്കുന്നതിന്റെ കാരണം പോലും അറിയില്ല.
വളർത്തു നായ തുടർച്ചയായി ആക്രമിക്കപ്പെടുന്നതിൽ പ്രതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം പൊലീസിലും പരാതി നൽകി. എന്നാൽ പൊലീസ് വളർത്തുനായയുടെ കേസ് ഏറ്റെടുക്കുന്നില്ലെന്നാണ് ജാനകിയുടെ പരാതി.