malappuram-landslide-3
  • മലപ്പുറം പാണക്കാട് എടയിപ്പാലത്ത് വന്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു വീണു.റിപ്പോര്‍ട്ടിങ്ങിന് എത്തിയ മനോരമ ന്യൂസ് സംഘം അടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം പരപ്പനങ്ങാടി–നാടുകാണി സംസ്ഥാന പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. വലിയ മരവും തെങ്ങും കടപുഴകി വീണതോടെ പ്രദേശത്ത് ഉണ്ടായിരുന്ന  ഒട്ടേറെപ്പേര്‍  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രദേശത്ത് തുടർച്ചയായി മണ്ണിടിച്ചിലും മണ്ണൊലിപ്പും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്.

മുമ്പുണ്ടായ മണ്ണിടിച്ചിലിനെക്കുറിച്ച് തത്സമയ റിപ്പോർട്ടിങ്  നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അതേ സ്ഥലത്ത്  വീണ്ടും മണ്ണിടിഞ്ഞത്.. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മനോരമ ന്യൂസ് റിപ്പോര്‍ട്ടര്‍ എസ് മഹേഷ്കുമാര്‍, ക്യാമറാമാന്‍ ഷിഹാബ്  എന്നിവരും , സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും, പ്രദേശവാസികളും  പെട്ടെന്ന്  ഓടിമാറിയതിനാല്‍ വന്‍അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. സ്ഥലത്തെ അപടകടസാഹചര്യവും സുരക്ഷാപ്രശ്നങ്ങളും  ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ വീണ്ടും വന്‍തോതില്‍ മല ഇടിഞ്ഞ് താഴെയുളള മാധ്യമപ്രവര്‍ത്തകര്‍ക്ക് മേലേയ്ക്ക് വീഴുകയായിരുന്നു.മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയു‌ടെ വീടിന് സമീപമാണ് ഈ അപകടം ഉണ്ടായത്.

പാണക്കാട് മണ്ണിടിഞ്ഞത് പെട്രോള്‍ പമ്പിനായി മണ്ണെടുത്ത സ്ഥലത്താണെന്ന് റവന്യു മന്ത്രി എ.പി.അനില്‍ കുമാര്‍.നിയമാനുസൃതമാണോ മണ്ണെടുത്തത് എന്ന് അന്വേഷിക്കുമെന്നും മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്നും  മന്ത്രി പറഞ്ഞു .

 സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ രാത്രിമുതൽ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മണിക്കൂറുകളിലേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ മുതലപ്പൊഴിയിലും വിഴിഞ്ഞത്തുമായി തിരയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിനെയും വിഴിഞ്ഞം സ്വദേശി ജോണിനെയും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

ENGLISH SUMMARY:

Another landslide occurred on the Parappanangadi–Nadukani State Highway in Malappuram district. A large tree and a coconut tree were uprooted and collapsed, but several people at the site narrowly escaped a major disaster. The incident comes amid repeated reports of landslides and soil erosion in the area. The massive landslide occurred unexpectedly while a Manorama News crew was conducting a live report on an earlier landslide in the same location. The news team, police officers led by the Circle Inspector (CI), and local residents at the site managed to move to safety within seconds, escaping what could have been a tragic accident.