കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹാര്‍ട്ട് ലങ് മെഷീന്‍ തകരാറിലായതോടെ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങി. ഇതോടെ അടിയന്തരശസ്ത്രക്രിയ ആവശ്യമുള്ള രോഗികളെ തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ഉള്‍പ്പെടെ റഫര്‍ ചെയ്യുകയാണ്. 980 രോഗികളാണ് ഹൃദയശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്.
മൂന്നുകോടി രൂപയിലധികം വില വരുന്ന ഹാര്‍ട്ട്ലങ് മെഷീനുകളിലൊന്നാണ് തകരാറിലായത്. ഇതോടെ രണ്ട് ശസ്ത്രക്രിയകള്‍ മാത്രമേ ദിവസേന ചെയ്യാനാവുകയുള്ളൂ. നേരത്തെ ദിവസം കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ നാല് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. നിലവില്‍ പുതിയ രോഗികള്‍ക്ക് തീയതി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് അധികൃതര്‍. വാല്‍വ് മാറ്റിവെക്കല്‍, ബൈപ്പാസ് സര്‍ജറി തുടങ്ങിയ ശസത്രക്രിയകള്‍ക്കാണ് ഹാര്‍ട്ട് ലങ് മെഷീന്‍ ഉപയോഗിക്കുന്നത്.
14 വര്‍ഷം പഴക്കമുള്ള ഉപകരണമാണ് കേടായത്. 15 വര്‍ഷം കാലാവധിയുള്ള മെഷീന്‍ കേടായത് തുടര്‍ച്ചയായി ഉപയോഗിച്ചത് കൊണ്ടാണെന്നാണ് പറയുന്നത്. ഒട്ടേറെത്തവണ നന്നാക്കിയിരുന്നെങ്കിലും കഴിഞ്ഞ മാര്‍ച്ച് 31ന് വീണ്ടും പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. മെഷീന്‍റെ പരിപാലന ചുമതയുള്ള കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും ശരിയാക്കാന്‍ മാസങ്ങള്‍ വേണ്ടി വരുമെന്നാണ് വിശദീകരണം.