സ്മാർട്ട്ഫോൺ യുഗത്തിൽ എന്തിനും ഏതിനും ഒരു സെൽഫിയോ ഫോട്ടോയോ മതി. എന്നാൽ, അസ്ഥി ഒടിഞ്ഞോ ചതഞ്ഞോ എന്ന് നോക്കാൻ പോലും രോഗിയുടെ സ്വന്തം മൊബൈൽ ഫോൺ തന്നെ വേണമെന്ന അവസ്ഥ വന്നാലോ? വയനാട് ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്നാണ് ആരോഗ്യവകുപ്പിന്റെ പുത്തൻ ‘സ്മാർട്ട്’ ചികിത്സാരീതി പുറത്തുവരുന്നത്.. ആശുപത്രിയില്‍ എക്സ്റേ ഫിലിമില്ലാതെ വന്നതോടെയാണ് അധികൃതര്‍ രോഗികളുടെ സ്മാര്‍ട്ട് ഫോണില്‍ എക്സേ റേയുടെ ചിത്രം പകര്‍ത്തി നല്കാന്‍ തുടങ്ങിയത്. കൃത്യതയില്ലാത്ത ഇത്തരം ഫോട്ടോകൾ വെച്ച് എങ്ങനെ ചികിത്സ നടത്തുമെന്ന ആശങ്കയിലാണ് രോഗികൾ.
ഈ 'ക്യാമറ വിപ്ലവ'ത്തിൽ ആശുപത്രി അധികൃതർക്ക് യാതൊരു പതർച്ചയുമില്ല. ദിവസങ്ങളായി ഫിലിം സ്റ്റോക്കില്ലെന്നും, ചികിത്സ മുടങ്ങാതിരിക്കാൻ കോഴിക്കോട് മെഡിക്കൽ കോളജിലും കൽപ്പറ്റയിലുമൊക്കെ ഇങ്ങനെയൊക്കെ തന്നെയാണ് ചെയ്യുന്നതെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. സ്ക്രീനിലെ ചിത്രത്തിൽ വ്യക്തതയില്ലെങ്കിൽ സിസ്റ്റത്തിൽ നേരിട്ട് നോക്കിക്കോളുമെന്ന മറുപടിയുമുണ്ട്.