TAGS

പുതിയ കാലത്ത് എന്തിനും ഏതിനും 'എയ്സ്ത്തെറ്റിക് ടച്ച്' തിരയുന്ന മലയാളിയുടെ മനസ്സ് കീഴടക്കുകയാണ് തിരുവനന്തപുരം മണ്ണന്തലയിലെ മുളവീട്. മണ്ണന്തല കോസ്റ്റ്ഫോർഡ് കമ്പനിയുടെ അഞ്ചുനില ഓഫീസ് കെട്ടിടം നിർമിച്ചിരിക്കുന്നത് മുളയും മണലും ചുണ്ണാമ്പും ചേർത്താണ്. ആധുനിക സൗകര്യങ്ങളോടുകൂടിയ ആ കെട്ടിടം ഒന്ന് കണ്ടു വരാം.

ഓടക്കുഴലും കൊട്ടയും കടലാസും മാത്രമല്ല ഒന്നാന്തരം അഞ്ചുനില കെട്ടിടം വരെ മുളയിൽ പണിയാം. കാട്ടിലെ മുളങ്കൂട്ടത്തിന്‍റെ ഭംഗിയും മണലിൻ്റെ നിറവും ചേരുമ്പോൾ പ്രകൃതിക്കൊപ്പം ആധുനികത ഇഴചേരുന്ന സൗന്ദര്യം.

നേരെ ചെന്നു കയറുന്നത് വിശാലമായ മൂന്നാം നിലയിലെ ഓഫീസ് മുറിയിലേക്കാണ്. അണ്ടർ ഗ്രൗണ്ടിൽ 10 കാറുകൾ ഉൾക്കൊള്ളാവുന്ന കാർ പാർക്കിങ് ഉൾപ്പെടെ മൂന്ന് നിലകളുണ്ട്. മുളകളടുക്കി നിരപ്പാക്കിയാണ് ഓരോ നിലയിലേയും മേൽഭാഗത്തിൻ്റെ നിർമാണം. മേലെ ചാണച്ചാക്ക് വിതറി ചുണ്ണാമ്പും മണലും ചേർത്ത മിശ്രിതം നിറച്ചാൽ തറ റെഡി. പഴയ പൊട്ടിയ ടൈലുകൾ പുനരുപയോഗിച്ചാണ് തറയിലെ കലാവിരുത്. കമ്പിയും സിമന്റും ഉപയോഗിച്ചിരിക്കുന്നത് വശങ്ങളിലെ കോൺക്രീറ്റ് തൂണിൽ മാത്രം. ശക്തിയുള്ള മുള്ളുമുള കൊണ്ടാണ് നിർമാണം. ലൈറ്റും ഫാനുമില്ലാതെ തന്നെ പരമാവധി കാറ്റും വെളിച്ചവും കയറുമെന്നതാണ് മറ്റൊരു പ്രത്യേകത. 10,500 ചതുരശ്രയടിയിൽ നിർമിച്ച കെട്ടിടത്തിന്റെ നിർമാണചിലവ് ഒന്നരക്കോടിയാണ്. പ്രകൃതിയോടിണങ്ങുന്ന തരത്തിൽ കെട്ടിടങ്ങൾ പണിയുന്ന സംഘടനയായ കോസ്റ്റ് ഫോർഡ് 2011 മുതൽ മുളകൊണ്ട് വീടുകൾ പണിയുന്നുണ്ട്.

ENGLISH SUMMARY:

Bamboo architecture in Kerala is revolutionizing construction with unique aesthetic touches, exemplified by the Mulaveedu in Mannanthala, Thiruvananthapuram. This innovative five-story office building, constructed by Costford using bamboo, sand, and lime, showcases modern amenities integrated with nature's beauty.