തലസ്ഥാനത്തെ ഹണി ട്രാപ്പ് ആരോപണത്തിൽ തന്റെ ഭാഗം ന്യായീകരിക്കുന്ന വീഡിയോയുമായി ആരോപണ വിധേയയായ യുവതി റോഷ്നി . പരാതിക്കാരനായ മാർക്ക് വിജയകുമാർ താൻ വിവാഹം കഴിച്ച വ്യക്തിയായിരുന്നുവെന്നും തന്റെ കുഞ്ഞിന്റെ പിതാവ് ആണെന്നും കേസിലെ ഒന്നാം പ്രതിയായ റോഷ്നി പറയുന്നു. തന്റെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിന്റെ സ്ഥാനത്തുള്ളത് കേസിൽ പരാതിക്കാരനായ വിജയകുമാറിന്റെ പേരാണെന്നും യുവതി മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. കേസിലെ ഒന്നാം പ്രതിയായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി റോഷ്നി സുരേഷും, പരാതിക്കാരനായ വ്യവസായിയും ജര്‍മ്മന്‍ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ പങ്കാളികളാണെന്നുള്ള വിവരം കഴിഞ്ഞ ദിവസം തന്നെ പുറത്തുവന്നിരുന്നു.
Also Read: ഹണി ട്രാപ്പില്‍ വന്‍ ട്വിസ്റ്റ്; ആണ്‍കുഞ്ഞ് യുവ വ്യവസായിയുടേത് തന്നെയെന്ന് റോഷ്നി
ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിൽ തെലങ്കാന സ്വദേശിയായ മാർക്ക് വിജയകുമാറും താനും ഓഹരി ഉടമകളാണ്. ബിസിനസ് തർക്കങ്ങളാണ് പരാതിക്ക് കാരണം എന്നാണ് ആരോപണം. കുഞ്ഞിനൊപ്പമുള്ള ഇരുവരുടേയും ചിത്രങ്ങളും, വിവാഹഫോട്ടോയും ഉള്‍പ്പെടെയാണ് റോഷ്നി പുറത്തുവിട്ടത്. തനിക്ക് ജനിച്ച കുഞ്ഞ് പരാതിക്കാരന്റെതാണെന്ന് ഭാര്യയോട് പറയും എന്ന് ഭീഷണിപ്പെടുത്തി ഫ്ലാറ്റും സ്വർണവും ഉൾപ്പെടെ അഞ്ചു കോടി രൂപ തട്ടിയെടുത്തു എന്നാണ് എഫ്ഐആർ. വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ റോഷ്നിയെ ഇന്നലെ സ്വാഭാവിക ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോയുമായി യുവതി രംഗത്ത് എത്തിയത്.
‘പല മാധ്യമങ്ങളിലൂടെയും എന്നെക്കുറിച്ച് വ്യാജവാര്‍ത്ത വരുന്നുണ്ട്, താന്‍ അറസ്റ്റിലായി എന്നാണ് പറയുന്നത്, തന്റെ ബിസിനസ് തകര്‍ക്കാനും മറ്റുപല സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടിയാണ് ഈ ആരോപണം , ഇങ്ങനെയൊരു പരാതി വന്നതിന്റെ പേരില്‍ എന്നെ അറസ്റ്റ് ചെയ്തിരുന്നു, മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയപ്പോള്‍ പരാതിയില്‍ കഴമ്പില്ലെന്ന് വ്യക്തമായി തന്നെ വെറുതേ വിടുകയായിരുന്നു. മാര്‍ക്ക് വിജയകുമാര്‍ തന്റെ ബിസിനസ് പാര്‍ട്ണറും കുഞ്ഞിന്റെ അച്ഛനുമാണ്’– റോഷ്നി വിഡിയോയില്‍ പറയുന്നു.
യുവ വ്യവസായി വിജയകുമാറുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട റോഷ്നി തനിക്ക് ജനിച്ച ആണ്‍കുഞ്ഞ് വ്യവസായിയുടെതാണെന്ന് പറഞ്ഞ് കോടികള്‍ തട്ടിയെന്നതായിരുന്നു കേസ്. തെലങ്കാന സ്വദേശിയാണ് പരാതിക്കാരന്‍. സ്ഥാപനത്തിന്റെ ഹെഡ് ഓഫീസ് കൊച്ചിയിലാണ്. 2022 മുതല്‍ പരാതിക്കാരനായ വിജയകുമാറും സ്ഥാപനത്തിലെ ജീവനക്കാരിയായ റോഷ്നിയും തമ്മില്‍ ബന്ധമുണ്ട്.
യുവ വ്യവസായിയുമായി ശാരീരികബന്ധം; പ്രസവിച്ചത് അയാളുടെ കുഞ്ഞിനെയെന്ന് പറഞ്ഞ് 5 കോടി തട്ടി, അറസ്റ്റ്
നേരത്തേ രണ്ടു വിവാഹങ്ങള്‍ ചെയ്ത റോഷ്നി വിവാഹ മോചിതയായിരുന്നു. ഇതിനിടെ മൂന്നാമത്തെ വിവാഹം കഴിച്ചു. ഇയാള്‍ക്കെതിരെ തൃക്കാക്കര പൊലീസില്‍ പീഡനപരാതിയും നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോഴത്തെ പരാതിക്കാരനുമായി ബന്ധമുണ്ടാകുന്നത്. പരാതിക്കാരന്‍റെ അക്കൗണ്ടില്‍ നിന്ന് യുവതിക്കും യുവതി തിരിച്ചും സാമ്പത്തിക കൈമാറ്റം നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചൂഷണം പരിധി വിടുകയും യുവ വ്യവസായിയുടെ ഭാര്യയെ യുവതി ഭീഷണിപ്പെടുത്താന്‍ തുടങ്ങുകയും ചെയ്തതോടെയാണ് പൊലീസില്‍ പരാതി എത്തിയതെന്നാണ് പുറത്തുവന്ന വിവരം.
39 കാരനായ യുവവ്യവസായി ഹണി ട്രാപ്പ് തട്ടിപ്പില്‍ കുടുങ്ങി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഗത്യന്തരമില്ലാതെ ഒടുവില്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര സ്വദേശി റോഷ്നി സുരേഷിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. മറ്റ് പ്രതികളും ഒന്നാം പ്രതിയുടെ സുഹൃത്തുകളുമായ ജിബിന്‍, ഉണ്ണിമോള്‍ ജിബിന്‍, അഭിഷേക് എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണ് വഞ്ചിയൂര്‍ പൊലീസ്.
2023 ല്‍ ജൂണിലാണ് സംഭവങ്ങളുടെ തുടക്കം. കുഞ്ഞ് ജനിച്ചത് വ്യവസായിയുടെ ഭാര്യയെ അറിയിക്കുമെന്ന് പറഞ്ഞായിരുന്നു ഹണി ട്രാപ്പ് സംഘം തട്ടിപ്പ് നടത്തിയതെന്നാണ് വഞ്ചിയൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.എഫ് ഐ ആറില്‍ പറയന്നത് ഇങ്ങനെ: 22.06.2023 ലാണ് ഒന്നാം പ്രതി ആണ്‍കുഞ്ഞിനെ പ്രസവിക്കുന്നത്. അന്ന് മുതല്‍ പണം തട്ടാന്‍ തുടങ്ങിയെന്നാണ് പരാതി. ആൺകുഞ്ഞ് വ്യവസായിയുടെതാണ് എന്ന് ഭാര്യയേയും മറ്റ് ബന്ധുക്കളേയും അറിയിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് ആദ്യം പണം തട്ടിയത്. ഇയാള്‍ ഡയറക്ടറായ കമ്പനിയുടെ വാർഷിക ലാഭത്തിന്‍റെ 50% ഒന്നാം പ്രതിയായ യുവതി സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു.പിന്നീട് പല തവണയായി 1,80,00000/- രൂപ പരാതിക്കാരനെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. 1,20,00000 രൂപക്ക് തൃപ്പൂണിത്തുറയില്‍ ഒരു ഫ്ലാറ്റ് 1-ാം പ്രതിയായ യുവതി സ്വന്തം പേരിൽ വാങ്ങിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
2024 ജൂൺ മാസം 1,30,00000/- രൂപക്ക് തിരുവനന്തപുരം മലയിൻകീഴ് വില്ലേജിൽ 20 സെന്‍റ് സ്ഥലവും വാങ്ങിപ്പിച്ചു. തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിലെ പല ജൂവലറികളിൽ നിന്നും ഉദ്ദേശം 45 പവനോളം സ്വർണ്ണാഭരണങ്ങൾ യുവതി യുവവ്യവസായിയെ കൊണ്ട് വാങ്ങിപ്പിച്ചു. തുടര്‍ന്ന് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പരാതിയുമായി പൊലീസിന് സമീപിച്ചത്.