എറണാകുളം മാഞ്ഞാലിയില്‍ പുഴയില്‍ ചാടിയ വിദ്യാര്‍ഥിനിയെ സാഹസികമായി രക്ഷപ്പെടുത്തി സ്വകാര്യബസ് ഡ്രൈവര്‍. വാഹനം നിര്‍ത്തി കുത്തൊഴുക്കുള്ള പുഴയിലേയ്ക്ക് ചാടിയാണ് സ്വകാര്യ ബസ് ഡ്രൈവറായ കുന്നുകര സ്വദേശി കെ.പി അജേഷ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.  നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്തായിരുന്നു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 

ഉച്ചയ്ക്ക് മാഞ്ഞാലി പാലത്തിന് മുകളില്‍ നിന്ന് വിദ്യാര്‍ഥിനി പെരിയാറിലേയ്ക്ക് ചാടിയത്. ഈ സമയം പറവൂരില്‍ നിന്നും അങ്കമാലിയിലേക്കുള്ള ട്രിപ്പിലായിരുന്നു അജേഷ്. മാഞ്ഞാലി പാലത്തിന് മുകളില്‍ ആള്‍കൂട്ടം കണ്ടാണ് അജേഷ് ബസില്‍ നിന്നിറങ്ങുന്നത്. വിവരമറിഞ്ഞതിന് പിന്നാലെ ഷര്‍ട്ടൂരി പുഴയിലേക്ക് ചാടുകയായിരുന്നു. പെണ്‍കുട്ടി കിടന്ന് പെടയ്ക്കുകയായിരുന്നുവെന്ന് അജേഷ് പറഞ്ഞു. താഴ്ന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചാണ് പൊക്കിയെടുത്തത്. അടുത്തുള്ള വീട്ടിലേക്ക് അടുപ്പിച്ചു. അവരാണ് ആശുപത്രിയിലാക്കിയതെന്നും അജേഷ് പറഞ്ഞു. 

പാലത്തില്‍ ആളുകളുണ്ടായിരുന്നെങ്കിലും ഉയരമുള്ള പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ചാടാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ചാലാക്ക പാലത്തിന് സമീപത്താണ് അജേഷിന്‍റെ വീട്. ചെറുപ്പം തൊട്ട് നീന്തി പരിചയമുള്ളതിനാല്‍ പേടി തോന്നിയില്ലെന്ന് അജേഷ് പറഞ്ഞു. ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി അപകടനിലതരണം ചെയ്തു.  

 

ENGLISH SUMMARY:

A private bus driver named K.P. Ajesh heroically saved a student who jumped into the Periyar river from the Manjali bridge in Ernakulam. Upon seeing a crowd gathered on the bridge, Ajesh, who was driving from Paravur to Angamaly, immediately stopped his bus, jumped into the river, and pulled the struggling girl to safety. The student had attempted to end her life after failing the NEET examination, but she has since recovered and is out of danger. Despite the presence of many onlookers, Ajesh was the only one brave enough to dive from the high bridge into the strong current to perform the rescue.