സംസ്ഥാനത്തെ ബസ് സ്റ്റോപ്പുകളിൽ ആളുകൾക്ക് ഇരിക്കാൻ പറ്റാത്ത തരത്തിലുള്ള സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങളുടെ കാര്യത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം ഇരിപ്പിടങ്ങൾ മാറ്റാനായി സാധ്യത പഠനം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന പരാതിയിലാണ് നടപടി. 

മലയാളികൾക്ക് വിവിധ തദ്ദേശസ്ഥാപനങ്ങളും എംഎൽഎമാരും സ്നേഹത്തോടെ നൽകിയ സമ്മാനമാണ് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ. സമ്മാനത്തിന്‍റെ മേന്മ കൊണ്ടാകാം പലപ്പോഴും ജീവനിൽ കൊതിയുള്ള ആരും ഇതിൽ ഇരിക്കാറില്ല. ഏതെങ്കിലും ധൈര്യശാലി ഇരുന്നാൽ കാൽ തരിപ്പും, നടുവേദനയും ഗ്യാരണ്ടി. വിമർശനങ്ങളും പരിഹാസവും ഒക്കെ പലതവണ ഉയർന്നിട്ടും സ്റ്റീൽ പൈപ്പുകൾ ഇരിപ്പിടങ്ങൾ ആയി തുടർന്നു. ഇതോടെയാണ് തന്‍റെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി എറണാകുളം എടത്തല സ്വദേശി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്.

എന്തായാലും, സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾക്ക് പകരം മറ്റെന്തെങ്കിലും ഓപ്ഷൻ ഉണ്ടോ എന്ന് പരിശോധിക്കനാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം. ഇതിനായി സാധ്യത പഠനം നടത്താൻ പൊതുമരാമത്ത് വകുപ്പിന് കമ്മീഷൻ നിർദ്ദേശം നൽകി. ബസ് സ്റ്റോപ്പുകളിൽ ആളുകൾ കിടന്നുറങ്ങാതിരിക്കാനാണ് ഇത്തരത്തിൽ സ്റ്റീൽ പൈപ്പ് ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ENGLISH SUMMARY:

Kerala bus stop seating is under review by the Human Rights Commission due to health concerns associated with steel pipe benches. The commission has directed the Public Works Department to study alternative seating solutions for bus shelters across the state.