ജീവിക്കാന്‍ കൈത്താങ്ങ് തേടുകയാണ് ചെന്നൈയില്‍ ഒരു 42കാരന്‍. ആന്തരിക അവയവങ്ങളെ കാര്‍ന്നുതിന്നുന്ന രോഗവുമായി ജീവിതത്തോട് പോരാടുന്ന അടൂര്‍ സ്വദേശിക്ക് സുമനസുകളുടെ സഹായം വേണം. ശസ്ത്രക്രിയയ്ക്കുള്ള 60 ലക്ഷത്തിന് പുറമേ അവയവദാതാക്കളും കനിഞ്ഞാലെ അരുണ്‍ കെ നായര്‍ക്ക് ഇനി തിരിച്ചെത്താന്‍ കഴിയൂ. ചെന്നൈയിലെ എംജിഎം ആശുപത്രിയിലെ ചികില്‍സയിലാണ് അരുണ്‍.
കുടുംബംപോറ്റാന്‍ 14 വര്‍ഷം മുന്നേ ദുബായ്‌യിലേക്ക് പോയിരുന്നു അരുണ്‍. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍ വൈസറായിയിരുന്നു. ഒന്ന് പച്ചപിടിച്ച് ആശ്വാസ തീരംപറ്റിയപ്പോള്‍ രോഗം വില്ലനായി. അവയവങ്ങളിലുണ്ടാകുന്ന ട്യൂമര്‍. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു ചികില്‍സ. അവരും കയ്യൊഴിഞ്ഞപ്പോള്‍ മകനുമായി അമ്മ ചെന്നൈയിലെത്തി പ്രതീക്ഷ മുറുകെപിടിച്ച്.
മൂന്നുമാസമായി അരുണിന് ഭക്ഷണമില്ല, മരുന്നില്‍ പിടിമുറുക്കിയാണ് ജീവിതം. ഇതുവരെ നാല് ശസ്ത്രക്രിയകള്‍ ചെയ്തു. ഒരു വൃക്ക നിലച്ചു. മരുന്ന് കണ്ടെത്താത്ത രോഗത്തിന് പ്രതിവിധി ഒന്നിലേറെ അവയവങ്ങള്‍ മാറ്റിവയ്ക്കുക മാത്രം.
രോഗമെടുത്ത അവയവങ്ങള്‍ അരുണിനെ തളര്‍ത്തിയില്ല, തളര്‍ന്നുപോയ കുടുംബത്തിന് അവന്റെ ആത്മവിശ്വാസം ബലമേകി.
അരുണിന് തിരികെ എത്തണം തന്‍റെ കുഞ്ഞുമക്കളുടെയും ഭാര്യയുടെയും അടുത്തേക്ക്, അച്ഛനെയും അമ്മയെയും ചേര്‍ത്തുനിര്‍ത്തി തുടരണം ജീവിതം.