driving-license-challenges-kerala

കേരള എംവിഡിക്ക് യുവതി എഴുതിയ തുറന്ന കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇതിനെ ഒരു ഫ്രസ്ട്രേഷൻ നോട്ടായോ, ഒരു പരാജയപ്പെട്ട അപേക്ഷകന്റെ നിരാശയായോ കാണരുതെന്ന് പറഞ്ഞുകൊണ്ടാണ് മുര്‍ഷിദ പ്രവീണിന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്നത് ചിലർക്കെങ്കിലും വെറും ഒരു കാർഡ് മാത്രമല്ല, ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള ഒരു ഉപകരണമാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു കുറിപ്പായി മാത്രം ഇനിനെ കാണണമെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

കോഴിക്കോട് ചേവായൂരിലെ ടെസ്റ്റ് ഗ്രൗണ്ടിൽ ഒരു ദിവസം നൂറുകണക്കിന് ആളുകളുടെ എച്ച് ടെസ്റ്റും റോഡ് ടെസ്റ്റും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ജോലിഭാരം എനിക്ക് മനസ്സിലാകുന്നുണ്ട്. ഇരുചക്ര വാഹനവും കാറും ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ പരീക്ഷകൾ വളരെ പരിമിതമായ മനുഷ്യവിഭവശേഷിയോടെ നടത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ അപേക്ഷകരുടെ ഭാഗത്ത് നിന്നുള്ള ചില യാഥാർത്ഥ്യങ്ങളും ഒരിക്കൽ കേൾക്കപ്പെടേണ്ടതുണ്ട്.

ഡ്രൈവിംഗ് പഠിക്കാൻ എല്ലാവർക്കും ഒരേ കാരണങ്ങളല്ല. ചിലർക്ക് അത് ഒരു പാഷനാണ്. ചിലർക്ക് അത് ജോലിയിലേക്കുള്ള വഴിയാണ്.

ചിലർക്ക് അത് സ്വാതന്ത്ര്യത്തിന്റെ ആദ്യ ചുവടാണ്. മറ്റുചിലർക്ക് അത് ജീവിക്കാൻ ആവശ്യമായ ഒരു ലൈഫ് സ്കിലാണ്. എന്നെ പോലെയുള്ള ചിലർക്കാകട്ടെ, അതിന് പിന്നിൽ മറ്റൊരു കഥ കൂടിയുണ്ട്.

പ്രത്യേക പരിഗണന ആവശ്യമായ കുട്ടികളുടെ മാതാപിതാക്കൾക്ക് പലപ്പോഴും ഡ്രൈവിംഗ് ഒരു ആഡംബരമല്ല, ഒരു അത്യാവശ്യമാണ്. ഒരു പ്രായം കഴിഞ്ഞ കുട്ടികളുമായി പൊതുഗതാഗതത്തിൽ യാത്ര ചെയ്യുക എന്നത് ചിലപ്പോൾ കുട്ടികൾക്കും മാതാപിതാക്കൾക്കും മാത്രമല്ല, സഹയാത്രികർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ഒരു സാഹചര്യമായി മാറാറുണ്ട്.

അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി, സ്വന്തം കുട്ടിയെ സുരക്ഷിതമായും മാന്യമായും കൊണ്ടുപോകാൻ കഴിയുന്ന ഒരു വാഹനം ഓടിക്കാനുള്ള കഴിവ് പല മാതാപിതാക്കൾക്കും ഒരു സ്വപ്നമല്ല; ഒരു ആവശ്യമാണ്. അതിനുവേണ്ടിയാണ് അവർ ഭയങ്ങളെ മറികടക്കുന്നത്. അതിനുവേണ്ടിയാണ് അവർ പ്രായത്തെ മറക്കുന്നത്. അതിനുവേണ്ടിയാണ് അവർ വീണ്ടും പഠിക്കുന്നത്. അതിനുവേണ്ടിയാണ് അവർ വീണ്ടും ശ്രമിക്കുന്നത്.

പക്ഷേ, ചിലപ്പോൾ ഒരു നിമിഷത്തിന്റെ ചെറിയ പിഴവ്, ഒരു മൈക്രോസെക്കൻഡിന്റെ തെറ്റ്, ആ ശ്രമങ്ങളെ വീണ്ടും ഒന്നോ രണ്ടോ മാസങ്ങൾ പിന്നിലേക്ക് തള്ളിയിടുന്നു. ഒരു എച്ച് ടെസ്റ്റിൽ പരാജയപ്പെട്ടാൽ അടുത്ത അവസരത്തിനായി വീണ്ടും സ്ലോട്ട് ലഭിക്കും വരെ കാത്തിരിക്കണം.

ചിലപ്പോൾ ഒരു മാസം. ചിലപ്പോൾ രണ്ടുമാസം. ചിലപ്പോൾ അതിലും കൂടുതൽ.ഇതിനിടയിൽ നഷ്ടമാകുന്നത് ഒരു ടെസ്റ്റ് തീയതി മാത്രമല്ല.

സമയം നഷ്ടമാകുന്നു. പരിശീലനത്തിന്റെ തുടർച്ച നഷ്ടമാകുന്നു. വീണ്ടും അവധിയെടുത്ത് വരേണ്ടി വരുന്നു. വീണ്ടും സാമ്പത്തിക ചെലവുകൾ ഉണ്ടാകുന്നു. ചിലർക്കാകട്ടെ ആത്മവിശ്വാസം പോലും നഷ്ടമാകുന്നു. അതുകൊണ്ടാണ് ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്.

ഒരു അപേക്ഷകൻ ചെറിയൊരു പിഴവിന്റെ പേരിൽ ടെസ്റ്റിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ, അധിക ഫീസ് ഈടാക്കി അതേ ദിവസം തന്നെ ഒരു റീടെസ്റ്റ് അവസരം നൽകുന്ന ഒരു ഐച്ഛിക സംവിധാനം പരിഗണിക്കാമോ?

അത് നിർബന്ധമല്ല. ആഗ്രഹിക്കുന്നവർക്ക് മാത്രം ഉപയോഗിക്കാവുന്ന ഒരു ഓപ്ഷൻ. അധിക ഫീസ് ഈടാക്കാം. ഡബിൾ ഫീസ് ഈടാക്കാം.

അല്ലെങ്കിൽ ഭരണപരമായി പ്രായോഗികമായ മറ്റേതെങ്കിലും മാതൃക പരിഗണിക്കാം. പക്ഷേ, ഒരു ചെറിയ പിഴവിന്റെ പേരിൽ മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ കുറയ്ക്കാൻ കഴിയുമെങ്കിൽ, അത് നിരവധി ആളുകൾക്ക് വലിയ ആശ്വാസമാകും.അതിലൂടെ അപേക്ഷകരുടെ സമയനഷ്ടം കുറയും. വീണ്ടും വീണ്ടും യാത്ര ചെയ്ത് വരേണ്ട സാഹചര്യം ഒഴിവാകും. ജീവിതത്തിലെ മറ്റു ഉത്തരവാദിത്തങ്ങൾക്കിടയിൽ സമയം കണ്ടെത്തി എത്തുന്നവർക്ക് അത് സഹായകരമാകും.

ഒപ്പം വകുപ്പിന് അധിക വരുമാനവും ലഭിക്കും. തീർച്ചയായും ഇതുമായി ബന്ധപ്പെട്ട പ്രായോഗികവും സാങ്കേതികവുമായ വെല്ലുവിളികൾ ഉണ്ടാകാം. എന്നാൽ ഒരു നയപരമായ ചർച്ചയ്ക്ക് പോലും ഇത് അർഹമായ ഒരു ആശയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം, ഒരു ലൈസൻസ് നേടാൻ എത്തുന്ന എല്ലാവരുടെയും പിന്നിൽ ഒരേ കഥയല്ല ഉള്ളത്. ചിലരുടെ പിന്നിൽ ഒരു ജോലി കാത്തിരിക്കുന്നു. ചിലരുടെ പിന്നിൽ ഒരു കുടുംബം കാത്തിരിക്കുന്നു. ചിലരുടെ പിന്നിൽ ഒരു സ്വപ്നം കാത്തിരിക്കുന്നു. ചിലരുടെ പിന്നിൽ പ്രത്യേക പരിഗണന ആവശ്യമുള്ള ഒരു കുഞ്ഞ് കാത്തിരിക്കുന്നു. 

അവർക്കായി, ഒരു ചെറിയ അവസരം പോലും ചിലപ്പോൾ വളരെ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം. സാധ്യമെങ്കിൽ, ഈ ആശയം ബന്ധപ്പെട്ടവരിലേക്ക് എത്തട്ടെ. ഒരാളുടെ ചെറിയൊരു പിഴവ്, അവരുടെ ജീവിതയാത്രയെ മാസങ്ങളോളം പിന്നോട്ടടിപ്പിക്കാതിരിക്കുന്ന ഒരു സംവിധാനത്തെക്കുറിച്ച് ഒരിക്കൽ എങ്കിലും ചർച്ച ചെയ്യപ്പെടട്ടെ. – മുര്‍ഷിദ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

The open letter to Kerala MVD about driving license tests has gone viral on social media. This letter is not a sign of frustration but a reminder that a driving license is a vital tool for many to move forward in life.