പ്രിയദർശിനി പദ്ധതി തുടങ്ങിയപ്പോൾ പ്രതിഷേധ സൂചകമായി പുരുഷൻമാർക്ക് സൗജന്യ യാത്ര നൽകിയ ബസിന് ട്രിപ്പ് മുടക്കിയതിന് പിഴ. 7500 രൂപയാണ് മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കിയത്. ആലുവ - മാഞ്ഞാലി റൂട്ടിലോടുന്ന 'ലിറ്റിൽ ഫ്ലവർ' ബസ്സുടമ ബി.ഒ. ഡേവിസിനാണ് പിഴ ചുമത്തിയത്.
പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ ഈ റൂട്ടിൽ യാത്രക്കാർ കുറഞ്ഞിരുന്നു. തിരക്കില്ലാത്ത സമയത്ത് നഷ്‌ടം ഒഴിവാക്കാൻ വേളാങ്കണ്ണി മാതാ എന്ന ബസുമായി സഹകരിച്ച് ഇടവിട്ട് ട്രിപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 16 മുതൽ മാഞ്ഞാലിയിൽ നിന്ന് 2.30 നുള്ള ട്രിപ്പ് നിർത്തലാക്കിയിരുന്നു.
സാമ്പത്തിക പ്രതിസന്ധി ഉദ്യോഗസ്ഥനെ അറിയിച്ചിട്ടും ചലാനിൽ അക്കാര്യം കൂടി രേഖപ്പെടുത്തി പിഴ അടപ്പിച്ചെന്നാണ് ആരോപണം. തുടർന്ന് ആർടിഒയെ കണ്ടും പരാതി ഉന്നയിച്ചിരുന്നു. പ്രതിസന്ധിയിലായ ബസ് ഉടമകളെ സംരക്ഷിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.