coro-health-layoff

യു.എസ്. ആസ്ഥാനമായ മെഡിക്കൽ കോഡിങ് കമ്പനി ‘കോറോ ഹെൽത്ത്’ൽ നടന്നത് ക്രൂരമായ തൊഴിലാളി വിരുദ്ധ നടപടികളെന്ന് ജീവനക്കാർ. മുൻകൂട്ടി അറിയിപ്പൊന്നും കൂടാതെ കൊച്ചിയിലെയും കോഴിക്കോട്ടെയും ഏഴുന്നൂറോളം ജീവനക്കാരെയാണ് വെള്ളിയാഴ്ച രാവിലെ പിരിച്ചുവിട്ടത്. ടാർഗറ്റ് പൂർത്തിയാക്കാൻ നേരത്തെ ഓഫീസിലെത്തിയ പലർക്കും ജോലിക്കിടെയാണ് പിരിച്ചുവിട്ടുകൊണ്ടുള്ള കത്ത് കിട്ടിയത്.

8,000 പേർ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കേരളത്തിൽ മാത്രമാണ് പിരിച്ചുവിടലെന്നാണ് ജീവനക്കാരുടെ പരാതി. രാവിലെ ഓഫീസിലെത്തുമ്പോൾ പിരിച്ചുവിട്ടു എന്ന് പറഞ്ഞ് പേപ്പർ തരുന്നു. ലാഭമില്ലെന്നതാണ് കാരണം പറഞ്ഞത്. യു.പിയിൽ ജോലിക്ക് ആളെ എടുക്കുമ്പോൾ എങ്ങനെയാണ് കമ്പനിക്ക് ലാഭമില്ലെന്ന് പറയുക എന്നാണ് പിരിച്ചുവിട്ട ജീവനക്കാർ ചോദിക്കുന്നത്. കേരളത്തിൽ കമ്പനിക്ക് ചൂഷണം നടക്കുന്നില്ല. തൊഴിൽ വകുപ്പിൽ അഞ്ച് പരാതികളുണ്ട്. അതുകൊണ്ടാണ് കേരളത്തെ അവഗണിക്കുന്നതെന്നാണ് ജീവനക്കാരുടെ പക്ഷം.

നാല് വർഷമായി ജോലി ചെയ്യുന്നവരും പിരിച്ചുവിട്ടവരുടെ കൂട്ടത്തിലുണ്ട്. രാവിലെ പിരിച്ചുവിടുന്നവരുടെ പേരുകൾ സ്പീക്കർവച്ച് മൈക്കിലൂടെ അനൗൺസ് ചെയ്യുകയായിരുന്നു. 'ഇതാണ് നിങ്ങളുടെ ലാസ്റ്റ് ഡേ. ഇന്ന് എല്ലാവർക്കും റിലീവിങാണ്' എന്നായിരുന്നു മൈക്കിലൂടെ കമ്പനിയുടെ എച്ച്.ആർ. ജീവനക്കാർ അറിയിച്ചത്. എച്ച്.ആർ. വിഭാഗം ഓരോരുത്തർക്കും പിരിച്ചുവിടൽ നോട്ടീസ് നൽകി ഉടൻ തന്നെ ഓഫീസിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടു. സീലൊന്നും ഇല്ലാത്ത പേപ്പറാണ് പിരിച്ചുവിട്ട ജീവനക്കാർക്ക് നൽകിയത്.

വെള്ളിയാഴ്ചയായതിനാൽ ടാർഗറ്റ് അച്ചീവ് ചെയ്യാൻ രാവിലെ നേരത്തെ എത്തി ജോലി ആരംഭിച്ചവരും പുറത്താക്കപ്പെട്ടവരിലുണ്ട്. 'രാവിലെ 7.45 നാണ് ഓഫീസ് തുറക്കുക. ആ സമയത്ത് വന്ന് പഞ്ച് ചെയ്ത് ജോലി ആരംഭിച്ചതാണ്. വെള്ളിയാഴ്ചയാണ്, ടാർഗറ്റ് കംപ്ലീറ്റ് ചെയ്തില്ലെങ്കിൽ വീക്കെൻഡിലും ജോലി ചെയ്യേണ്ടി വരും. അത് ഒഴിവാക്കാനാണ് രാവിലെ ജോലിക്കെത്തുന്നത്. ജോലി പകുതിയോളം പൂർത്തിയാക്കിയപ്പോഴാണ് പിരിച്ചുവിട്ടെന്ന് അറിയുന്നത്,' ജീവനക്കാരിലൊരാളുടെ വാക്കുകൾ.

ജോലിയിൽ നിന്ന് പിരിച്ചുവിടരുതെന്നതാണ് ജീവനക്കാരുടെ പ്രാഥമിക ആവശ്യം. ഇനി ജോലിയിൽ തുടരാൻ അനുവദിക്കുന്നില്ലെങ്കിൽ, ഈ പെട്ടെന്നുള്ള നടപടിമൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ENGLISH SUMMARY:

Employees at the U.S.-based medical coding company 'CorroHealth' in Kerala have alleged severe anti-labor practices following the sudden termination of approximately 700 staff members across its Kochi and Kozhikode branches. Employees reported that they were dismissed mid-shift without prior notice, with HR representatives announcing the layoffs over office speakers and providing unsealed termination notices. While the company cited a lack of profitability, workers questioned this justification, pointing to simultaneous hiring in Uttar Pradesh and citing existing labor department complaints as a possible motive for the targeted layoffs in Kerala. Affected staff are demanding reinstatement or, at the very least, adequate compensation for this abrupt loss of livelihood.