അഞ്ച് മാസങ്ങള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ വൈകാരിക കുറിപ്പുമായി സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിലെ അതിജീവിത. മാസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്ന നടി ഇന്നലെയാണ് പോസ്റ്റുമായി സോഷ്യല്‍ ലോകത്തേക്ക് തിരിച്ചെത്തിയത്. ജീവിതത്തിലെ വിശ്വസിക്കാനാകാത്ത കഠിനമായ ദിവസങ്ങളിലൂടെയാണ് താന്‍ നിശബ്ദമായി പോരാടിയതെന്ന് താരം പറയുന്നു. പൂർണ്ണമായും തകർന്നുപോയിരുന്നു, ഒരിക്കലും പ്രതീക്ഷിക്കാത്ത യുദ്ധമാണ് നേരിട്ടതെന്നും കുറിച്ചു.

ഉറക്കമില്ലാത്ത ദിവസങ്ങള്‍, അമിത ഉത്കണ്ഠ, ജനക്കൂട്ടത്തിനിടയിൽ നിൽക്കാനുള്ള ഭയം എന്നിങ്ങനെ താന്‍ നേരിട്ട മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ താരം വിവരിക്കുന്നുണ്ട്. കടുത്ത മാനസിക പ്രതിസന്ധികളിലൂടെയാണ് ഈ ദിവസങ്ങളില്‍ താൻ കടന്നുപോയതെന്നും തെറാപ്പിയിലൂടെയാണ് ആശ്വാസം കണ്ടെത്തിയതെന്നും നടി തന്റെ പോസ്റ്റിൽ വെളിപ്പെടുത്തി. പ്രിയപ്പെട്ട എല്ലാറ്റിനോടും താൽപ്പര്യം നഷ്ടപ്പെട്ട ദിവസങ്ങളായിരുന്നു കടന്നുപോയതെന്നും എല്ലാം അവസാനിച്ചുവെന്ന് ശരിക്കും കരുതിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നടി കുറിച്ചു. വേദന എന്നത് അത്രത്തോളം അസഹനീയമായിരുന്നു എന്നും നടി വ്യക്തമാക്കുന്നുണ്ട്. 

‘കരച്ചിൽ നിർത്താൻ കഴിയാത്ത സാഹചര്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കരയുമ്പോളും എല്ലാം ശരിയാകുമെന്ന് വിശ്വസിച്ച് ക്ഷമയോടെ കാത്തിരിക്കാന്‍ ഞാൻ എന്നോട് തന്നെ നിരന്തരം പറഞ്ഞു. എന്നെ കൂടുതൽ ശക്തയാക്കുന്ന യാത്രയാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞു. ജീവിതത്തിൽ ആദ്യമായി, സഹായം ചോദിക്കാനും തളരുമ്പോൾ താങ്ങാകാന്‍ എന്റെ പ്രിയപ്പെട്ടവരെ അനുവദിക്കാനും ഞാൻ തയ്യാറായി. അവർക്കുള്ള നന്ദി പറഞ്ഞറിയിക്കാൻ കഴിയില്ല. എന്റെ കുടുംബം, സുഹൃത്തുക്കള്‍, പ്രതീക്ഷിക്കാത്ത ചില നല്ല മനുഷ്യര്‍... അങ്ങിനെ പലരും എന്നെ താങ്ങി നിർത്താൻ മുന്നോട്ട് വന്നു’– താരം കുറിച്ചു.

ഇന്ന് താന്‍ ആത്മാർത്ഥമായി ചിരിക്കുവെന്നും അതിലേറെ ശക്തയായി നിലകൊള്ളുന്നുവെന്നും താരം പറയുന്നു. തന്നെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിച്ചവർക്കും, സ്നേഹവാക്കുകൾ അയച്ചവർക്കും, സുഖവിവരങ്ങള്‍ അന്വേഷിച്ചവർക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നതായും താരം പറഞ്ഞു. ഇത്രയും നാള്‍ കോളുകളോ മെസ്സേജുകളോ ശ്രദ്ധിക്കാതിരുന്നതിന് ക്ഷമ ചോദിച്ച താരം, പിന്തുണയ്ക്കാത്തവർക്കും പോസ്റ്റിലൂടെ നന്ദി പറയുന്നുണ്ട്. എല്ലാറ്റിനെയും അതിജീവിച്ചതുകൊണ്ട് താൻ ഇന്ന് കൂടുതൽ ശക്തയാണെന്നും എന്ത് സംഭവിച്ചാലും പോരാട്ടം തുടരുമെന്നും താരം ഉറപ്പിച്ച് പറയുന്നു. തിരികെ വരാൻ കഴിഞ്ഞതിലും എല്ലാവരെയും വീണ്ടും കണ്ടതിൽ സന്തോഷമെന്നും താരം കുറിച്ചു. താരങ്ങളും ആരാധകരുമടക്കം ധാരാളം പേരാണ് താരത്തിന്‍റെ തിരിച്ചുവരവില്‍ സ്നേഹാശംസകള്‍ അറിയിക്കുന്നത്. 

ENGLISH SUMMARY:

Five months after staying away from the public eye, the survivor of the sexual assault case against prominent director Ranjith has returned to social media with an emotional and powerful message. In her heartfelt post, the actress shared the harrowing journey she endured while fighting a silent battle against deep psychological trauma and physical distress. She candidly spoke about facing debilitating symptoms such as insomnia, severe anxiety, and an intense fear of crowds, noting that she ultimately sought solace through professional therapy. The actress reflected on the darkest moments of her struggle, where she felt completely broken and lost interest in the things she once loved, even contemplating the possibility that her career and personal life might be over. Expressing immense gratitude, she thanked her family, friends, and the unexpected allies who stood by her during her most vulnerable hours, helping her find the strength to open up and seek support for the first time. Concluding her statement with resilience, she emphasized that she has emerged stronger than before, is finally able to smile sincerely again, and is determined to continue her fight for justice regardless of the challenges ahead.