boby-chemmannur-honey-rose

നടി ഹണി റോസിനെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും നടത്തിയ പരാമർശങ്ങളിൽ പരസ്യമായി ക്ഷമാപണം നടത്തി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. തന്‍റെ വാക്കുകൾ നടിക്കും കുടുംബത്തിനും വലിയ പ്രയാസങ്ങളുണ്ടാക്കിയെന്ന് മനസിലായി, അതിൽ ആത്മാർഥമായി ഖേദിക്കുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഹണി റോസ് തനിക്കെതിരെ നൽകിയ പരാതി പിന്‍വലിച്ച് നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

താൻ സാധാരണയായി സോഷ്യൽ മീഡിയയിൽ തമാശകളും മറ്റും പങ്കുവെക്കാറുണ്ടെന്നും എന്നാൽ ഇതൊന്നും ആരെയെങ്കിലും വേദനിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കാറില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്‍റെ കുറിപ്പിന്റെ പൂർണ്ണരൂപം:

‘എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാർത്ഥത്തിൽ ഞാൻ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്നേഹത്തോടും പരിഗണനയോടും കൂടി പെരുമാറുന്ന ഒരാളാണ്. ഞാൻ ഒരിക്കലും ആരെയും ബോധപൂർവ്വം ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കാറുമുണ്ട്. ഞാൻ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തമാശകളും മറ്റും പങ്കുവെക്കാറുണ്ട്, എന്നാൽ അത് ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉള്ള ഉദ്ദേശത്തോടെ ചെയ്യുന്നതല്ല.

എന്നാൽ, ഹണി റോസിനെക്കുറിച്ച് ഞാൻ നടത്തിയ പ്രസ്താവനകൾ അവർക്കും അവരുടെ കുടുംബത്തിനും വലിയ മാനസിക വിഷമമുണ്ടാക്കിയതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ വരുത്തിയ ബുദ്ധിമുട്ടുകൾക്ക് ആഴത്തിൽ ക്ഷമ ചോദിക്കുന്നു. എന്‍റെ വാക്കുകളുടെയും അതിന്‍റെ ആഘാതത്തിന്റെയും പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. ആർക്കും ഒരു വേദനയും ഉണ്ടാക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ഈ ആത്മാർത്ഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നല്ല രീതിയിൽ മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.’

ഉദ്ഘാടന വേദികളിലും പൊതുപരിപാടികളിലും ഹണി റോസിനൊപ്പം ബോബി ചെമ്മണ്ണൂർ പങ്കെടുത്തപ്പോഴുള്ള ചില വിഡിയോകളും പരാമർശങ്ങളും മുൻപ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഒരു ഉദ്ഘാടന ചടങ്ങിൽ വച്ച് ബോബി ചെമ്മണ്ണൂർ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങൾക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും ചെയ്യുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ ബോബി ചെമ്മണ്ണൂര്‍ പരസ്യമായ ഖേദപ്രകടനവുമായി എത്തിയത്.

ENGLISH SUMMARY:

Prominent Kerala businessman Bobby Chemmannur has issued a formal public apology to actress Honey Rose following controversial remarks he made against her during a public event. In a detailed social media post, Chemmannur expressed his deep regret, acknowledging that his words had inflicted significant emotional distress upon the actress and her family. The businessman emphasized that while he frequently shares lighthearted content and jokes online, he never holds any malicious intent to deliberately humiliate or hurt anyone. He accepted full accountability for the impact of his statements and openly requested Honey Rose to consider his sincere apology and withdraw her legal complaint. The issue originally escalated after Chemmannur made highly inappropriate, sexually suggestive comments during a joint store inauguration, sparking widespread public outrage and online backlash. Following a formal police complaint lodged by the actress regarding the defamation and insult to womanhood, law enforcement authorities had previously taken Chemmannur into custody.