drug-life

TOPICS COVERED

പതിനഞ്ചാം വയസ്സിൽ ലഹരിയുടെ കെണിയിൽ അകപ്പെട്ട്, ഇന്ന് ജീവിതത്തിനും മരണത്തിനുമിടയിൽ കോമ അവസ്ഥയിൽ കഴിയുന്ന ഒരു പത്തൊൻപതുകാരന്റെയും അവന്റെ കുടുംബത്തിന്റെയും ദാരുണമായ കഥ സമൂഹത്തിന് വലിയൊരു മുന്നറിയിപ്പാവുകയാണ്. ഇനി ഒരു കുഞ്ഞും ലഹരിയുടെ വലയിൽ വീഴരുതെന്ന ആത്മാർത്ഥമായ ആഗ്രഹത്തോടെ, സ്വന്തം അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കുട്ടിയുടെ അമ്മ രജനി.

സ്കൂളിൽ പഠിക്കുന്ന കാലത്താണ് കുട്ടി ആദ്യമായി ലഹരി ഉപയോഗിച്ചു തുടങ്ങിയത്. ഒരിക്കൽ പെപ്സി കുപ്പിയിൽ 'കപ്പത്തൊലി' പോലുള്ള ഒരു സാധനം കണ്ട് ചോദിച്ചപ്പോൾ, സ്കൂളിലെ പരീക്ഷണത്തിനാവശ്യമായ വസ്തുവാണെന്ന് പറഞ്ഞ് അവൻ അമ്മയെ വിശ്വസിപ്പിച്ചു. എന്നാൽ, പിന്നീട് കുട്ടിയുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയതോടെയാണ് അവൻ ലഹരിക്ക് അടിമയാണെന്ന് കുടുംബം തിരിച്ചറിയുന്നത്.

ലഹരിയിൽ നിന്ന് മോചിപ്പിക്കാനായി കുട്ടിയെ ഡീ-അഡിക്ഷൻ സെന്ററിൽ എത്തിച്ചിരുന്നു. ആദ്യത്തെ മൂന്ന് മാസം മാറ്റങ്ങൾ പ്രകടമായിരുന്നെങ്കിലും, അവിടെ നിന്നിറങ്ങിയ ശേഷം അവൻ വീണ്ടും ലഹരിയുടെ പഴയ കെണിയിലേക്ക് തന്നെ വീണുപോയി. അച്ഛൻ മരണപ്പെട്ടതിനാൽ അമ്മയാണ് കുടുംബം നോക്കിയിരുന്നത്.

ലഹരി ഉപയോഗം അതിക്രമിച്ചതോടെ കുട്ടി വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അമ്മയെയും അമ്മൂമ്മയെയും ഉപദ്രവിക്കുന്നത് പതിവായതോടെ, സുരക്ഷയെക്കരുതി ഇളയ സഹോദരിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കേണ്ട അവസ്ഥ വരെ ഈ കുടുംബത്തിനുണ്ടായി.

പിതാവിന്റെ മരണത്തെത്തുടർന്ന് ലഭിച്ച തുക ഉപയോഗിച്ച് കുട്ടി ഒരു ആഡംബര ബൈക്ക് വാങ്ങി. ഈ ബൈക്കിൽ സഞ്ചരിക്കവെ ഉണ്ടായ അപകടമാണ് അവന്റെ ജീവിതം പൂർണ്ണമായും തകർത്തത്. അപകടത്തിൽ തലയോട്ടി പൂർണ്ണമായി തകർന്നുപോയ, കഴിഞ്ഞ കുറച്ചുകാലമായി കോമ അവസ്ഥയിൽ കിടപ്പിലാണ്. ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ട എന്നാണ് ഡോക്ടർമാർ വിധിയെഴുതിയിരിക്കുന്നത്. അമ്മ സർക്കാർ ഉദ്യോഗസ്ഥയായതിനാൽ മറ്റു സാമ്പത്തിക സഹായങ്ങളൊന്നും തന്നെ ഇവർക്ക് ലഭിക്കുന്നുമില്ല.

കുട്ടികൾക്ക് ഇത്തരം അവസ്ഥ വന്നാൽ നാണക്കേട് ഭയന്ന് ആരും ഇത് ഒളിച്ചുവെക്കരുത്. കൃത്യസമയത്ത് തന്നെ അധികൃതരെ വിവരമറിയിച്ച് ചികിത്സ നൽകണം എന്നാണ് കുട്ടിയുടെ അമ്മയ്ക്ക് പുതിയ തലമുറയിലെ രക്ഷിതാക്കളോട് പറയാനുള്ളത്. വളർത്തുദോഷം എന്ന് പറഞ്ഞ് തന്നെ ഒരുപാട് പേർ കുറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇനിയൊരു അമ്മയ്ക്കും മക്കൾക്കും ഈ ഗതി വരരുത് അമ്മ രജനി പറഞ്ഞു

ENGLISH SUMMARY:

A heartbreaking story of a 19-year-old who fell into the trap of drugs at 15 and is now in a coma is a stark warning to society. The mother, Rajani, shares her experience with the earnest desire that no child falls prey to addiction.