സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ പറ്റിയുള്ള പരാമര്‍ശത്തില്‍ ഡോക്ടര്‍ മനോജ് ജോണ്‍സണെതിരെ ശക്തമായ പ്രതിഷേധം. ബസില്‍ സ്ത്രീകളെ കടന്നുപിടിക്കുന്നത് മാനസികപ്രശ്നമാണെന്നും അതിന് ചികില്‍സ വേണമെന്നുമാണ് മനോജ് ജോണ്‍സണ്‍ പറഞ്ഞത്.
'ബസില്‍ കയറി പിടിച്ചു എന്നൊക്കെയുള്ള സംഭവങ്ങള്‍ കേട്ടിട്ടില്ലേ? അതൊരിക്കലും ഒരു പുരുഷന്‍റെ തെറ്റല്ല. ശരിക്കും ഈ പുരുഷന്മാര്‍ പാവങ്ങളാണ്, നിസഹായരാണ്. കാരണം അതൊരു ഹോര്‍മോണ്‍ പ്രശ്നമാണ്. തലച്ചോറിലേക്കുള്ള രക്തചംക്രമണം കുറയുന്ന സമയത്ത്, ആ സെല്‍സിന്‍റെ കുറച്ച് പ്രശ്നങ്ങളൊക്കെ വരുമ്പോള്‍ അതുവരെ സപ്രസ് ചെയ്ത് കണ്‍ട്രാളായി നില്‍ക്കുന്ന ആള്‍ക്കാര്‍ക്ക് നിയന്ത്രണം വിട്ട് പോവാറുണ്ട്. അവര്‍ക്ക് ചികില്‍സയല്ലേ വേണ്ടത് ? അവരുടെ ജീവിതം തകര്‍ത്തിട്ട് എന്ത് മെച്ചം കിട്ടാനാണ്? നോര്‍മലായ ഒരാള്‍ പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിക്കില്ല. അവര്‍ക്ക് മാനസിക പ്രശ്നമുണ്ടെങ്കിലേ അങ്ങനെ ചെയ്യൂ,' എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് ജോണ്‍സണ്‍ പറഞ്ഞത്.
പിന്നാലെ വിഡിയോക്കെതിരെ സൈക്കോളജിസ്റ്റുകളും ആരോഗ്യമേഖലയില്‍ നിന്നുള്ളവരും രംഗത്തെത്തി. ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും എന്താണ് പ്രോല്‍സാഹിപ്പിക്കാന്‍ നോക്കുന്നതെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഇങ്ങനെ പോയാല്‍ പീഡോഫീലിയയെ ഡോക്ടര്‍ പ്രോല്‍സാഹിപ്പിക്കുമോ എന്നും ചിലര്‍ വിമര്‍ശിച്ചു. തങ്ങളുടെ സിലബസില്‍ ഇങ്ങനെയൊന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥികളും രംഗത്തെത്തി.
വിമര്‍ശനങ്ങള്‍ കടുത്തതോടെ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി മനോജ് ജോണ്‍സണ്‍ വീണ്ടും രംഗത്തെത്തി. പറഞ്ഞത് മാറ്റി പറയില്ലെന്നും വിഡിയോയിലെ 10 സെക്കന്‍റ് മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചാല്‍ കേള്‍ക്കുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ടാവുമെന്നും മനോജ് ജോണ്‍സണ്‍ പറഞ്ഞു.
'എനിക്കും അമ്മയും പെങ്ങന്മാരും രണ്ട് പെണ്‍കുട്ടികളുമുണ്ട്. എന്‍റെ കുടുംബത്തിലും ഭാവിയില്‍ ഇങ്ങനെയുണ്ടാവാന്‍ പാടില്ല. ഇവരെ പിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കാരണം സമൂഹത്തില്‍ ഇങ്ങനെ നടക്കാന്‍ പാടില്ല. പക്ഷേ ശിക്ഷ കഴിഞ്ഞിട്ടും ഈ വ്യക്തി ഇത് തന്നെ വീണ്ടും ചെയ്യുകയാണെങ്കില്‍ അതിലെന്ത് മാറ്റമാണ് വന്നിരിക്കുന്നത്. ഈ പറയുന്ന ശിക്ഷയും കാര്യങ്ങളുമൊക്കെ ചെയ്യുന്നതിന്‍റെ കൂടെ തന്നെ അവര്‍ക്ക് മാനസികമായ ചികില്‍സയും കൂടി നടത്തിയെങ്കില്‍ മാത്രമേ അവരുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരൂ.
ക്ലെപ്റ്റോമാനിയ – മുന്നില്‍ കാണുന്ന വസ്തുക്കള്‍ അപഹരിക്കരുതെന്നറിയാമെങ്കിലും കട്ടു പോകും. അതുപോലുള്ള ബിഹേവറല്‍ ഡിസോഡറുകളുണ്ട്. ഇതൊക്കെ നാണക്കേടാവുമെന്ന് അറിയാം. എന്നാലും അത് ചെയ്തുപോവുകയാണ്. തെറ്റാണെന്ന് അറിയാമെങ്കിലും ചെയിതുപോവുന്നത് ഒരു മാനസിക പ്രശ്നമാണ്. അതിന് കൃത്യമായ ചികില്‍സ കൂടി കൊടുക്കണമെന്നാണ് ആ വിഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. പ്രചരിപ്പിക്കുന്ന വിഡിയോയുടെ മുന്‍പുള്ളതും ശേഷമുള്ളതും കൂടി കേട്ടാലേ അതിന് വ്യക്തത വരൂ,' പുറത്തുവിട്ട വിഡിയോയില്‍ മനോജ് ജോണ്‍സണ്‍ പറഞ്ഞു.