എറണാകുളം മലയിടംതുരുത്ത് പാരിയത്ത്കാവില്‍ ദശാബ്ദങ്ങളായി ഏഴ് ദളിത് കുടുംബങ്ങൾ അനുഭവിച്ചുവന്ന പ്രശ്നങ്ങൾക്കാണ് യുഡിഎഫ് സർക്കാരിന്റെ ഇടപെടലിലൂടെ പരിഹാരമായത്. ചർച്ചകൾക്ക് നേതൃത്വം നൽകിയ റോജി.എം.ജോണിന്റെ ഇടപെടലാണ് ഈ പ്രശ്നപരിഹാരത്തിൽ നിര്‍ണായകമായത്. അഞ്ച് പതിറ്റാണ്ടുകാലം കോടതി വ്യവഹാരത്തിലായിരുന്ന കേസ്, 20 ദിവസത്തിനുള്ളിൽ അഞ്ച് സിറ്റിംഗുകളിലൂടെ കോടതിക്ക് പുറത്ത് പരിഹരിക്കാൻ സാധിച്ചു. റോജി.എം.ജോണിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇത് സാധ്യമായത്.
"സാങ്കേതികവും നിയമപരവുമായ സങ്കീർണ്ണതകൾ നിലനിന്നിരുന്ന ഈ വിഷയത്തിൽ, മുൻകാല സർക്കാരുകൾ നടത്താത്ത ഇടപെടലാണ് ഈ സർക്കാർ നടത്തിയത്. ജനിച്ചുവളർന്ന വീടുകളിൽനിന്ന് മാറേണ്ടിവരുമ്പോൾ ഒരു വിഭാഗത്തിനുണ്ടാകുന്ന മാനസിക-സാമൂഹിക സംഘർഷങ്ങളെ ഉൾക്കൊണ്ടുകൊണ്ട്, നിലവിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മനുഷ്യത്വം മുൻനിർത്തി ഒരു സമവായത്തിലെത്താൻ സർക്കാർ ശ്രമിച്ചു," റോജി.എം.ജോൺ ഫെയ്സ്ബുക്കിൽ കുറിച്ചു.
നിയമപരമായ കാര്യങ്ങൾക്കപ്പുറം, മാനുഷിക മൂല്യങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കും പ്രാധാന്യം നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച കുന്നത്തുനാട് എംഎൽഎ വി.പി. സജീന്ദ്രൻ, കലക്ടർ, എസ്.പി, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സമരസമിതി അംഗങ്ങൾ എന്നിവരുടെ ഏകോപിത ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഈ കേസിൽ വാദികളും എതിർകക്ഷികളുമായി അഞ്ച് പതിറ്റാണ്ടുകാലം കേസ് നടത്തിയ കുടുംബാംഗങ്ങൾ കാണിച്ച വിട്ടുവീഴ്ചാ മനോഭാവമാണ് പ്രശ്നം രമ്യമായി പരിഹരിക്കാൻ സഹായകരമായത്. അവരെ നന്ദിയോടെ ഓർക്കുന്നു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ അംഗീകരിച്ച വീടുകൾ നിർമ്മിച്ച് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.