സവാരി വിളിച്ച ഓട്ടോക്കാരന്‍  മദ്യപിച്ചിരുന്നുവെന്ന ആരോപണത്തില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഫസ്മിന സാക്കിറിനെതിരെ സമൂഹമാധ്യമങ്ങളിലാകെ വന്‍ വിമര്‍ശനം. വിഡിയോ വൈറലായതോടെ, ഫസ്മിന സാക്കിര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കണ്ടന്‍റ് ഡീലീറ്റ് ചെയ്തിരിക്കുകയാണ്. 

ഫസ്മിന പങ്കുവെച്ച വിഡിയോയില്‍ ഓട്ടോക്കാരനോട്  തന്നെ എവിടെയോ ഒരു സ്ഥലത്ത് ആക്കാൻ പറയുന്നത് കാണാം. ആ സ്ഥലം അറിയില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞതോടെ ZUDIO യുടെ അടുത്ത്  ആക്കാൻ ഫസ്മിന പറഞ്ഞു. എന്നാൽ ഓട്ടോ ഡ്രൈവര്‍ ZUDIO എന്നത് സ്റ്റുഡിയോ എന്നാണ് കേട്ടത്. സുഡിയോ എന്താണെന്ന് അദ്ദേഹത്തിന് മനസിലാവാത്തതിനാല്‍ ഒരുപാട് സ്റ്റുഡിയോ ഒരുപാട് ഉണ്ടല്ലോ മോളെ എന്ന് മറുപടിയും നൽകി. അയാൾ മദ്യപിച്ചിട്ടുണ്ട് എന്നും മദ്യപിച്ചാല്‍ വീട്ടില്‍ പോയിരുന്നൂടേ എന്നും പറഞ്ഞാണ് ഫസ്മിന വിഡിയോ ചെയ്തിരിക്കുന്നത്.  തന്നോട് മദ്യപിച്ച് അപമാര്യാദയായി പെരുമാറി എന്ന ആരോപണത്തോടെയാണ് യുവതി അത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 

സംഭവം വൈറലായതോടെ, ഒരു യുട്യൂബര്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്തി അദ്ദേഹത്തിന് പറയാനുള്ള കാര്യം ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ചയായതോടെയാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരും വ്ലോഗർമാരും ഫസ്മിന സാക്കിറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

താൻ മദ്യപിക്കാറില്ലെന്നും, മദ്യപിക്കുന്ന ആളാണെന്നു തെളിച്ചാൽ ആ ഓട്ടോയും 1 ലക്ഷം രൂപയും തരാമെന്നുമാണ് ഓട്ടോ ഡ്രൈവര്‍ ഫസ്മിനയെ വെല്ലുവിളിച്ചത്.  ഈ പെൺകുട്ടി വിഡിയോ ഇട്ടതിൽ പിന്നെ ആരും ഓട്ടം വിളിക്കുന്നില്ലെന്നും അദ്ദേഹം സങ്കടം പറയുന്നു. 

'ഞാന്‍ ഓട്ടോരിക്ഷാ വരുമാനം കൊണ്ടുമാത്രമാ ജീവിക്കുന്നേ. ഞാനിത് കടമെടുത്ത വണ്ടിയാ.. നാട്ടിലെ എല്ലാ പിള്ളാരും ഇതറിഞ്ഞു. ഞാന്‍ വലിയ മാനസിക വിഷമത്തിലാണ്. മദ്യപാനിയാണെന്ന് പറ‍ഞ്ഞ് ആരും ഇപ്പോള്‍ ഓട്ടോയില്‍ കയറുന്നില്ല. സുഡിയോ എന്താണെന്ന് എനിക്കറിയില്ല. അതാണ് പറ്റിയത്. ഞാന്‍ കരുതിയത് സ്റ്റുഡിയോ ആണെന്നാണ്. അതാണ് കുറേ സ്റ്റുഡിയോ ഉണ്ട് അതിലേതാ മോളെ എന്ന് തിരികെ ചോദിച്ചത്'. – അദ്ദേഹം പറയുന്നു.  

കളി കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോഴാണ് ഫസ്മിന സാക്കിര്‍  വീഡിയോയും ഡിലീറ്റ് ചെയ്ത് അക്കൗണ്ട് പ്രൈവറ്റാക്കിയതെന്നാണ് വിമര്‍ശനം.  

 

ENGLISH SUMMARY:

Fasmina Zakir is facing significant backlash on social media following allegations that an auto driver she hired was intoxicated. The social media influencer has since deleted the content from her Instagram after the video went viral.