വീട്ടിനുള്ളിലായാലും വിമാനത്തിലായാലും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസതാരത്തിന് ക്രിക്കറ്റ് തന്നെ പ്രിയം. സിരകളിലൂടെ ഓടുന്ന ആ പാഷന്‍ അത് ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും വ്യക്തമാകും. ഇപ്പോഴിതാ താരത്തിന്റെ ഒരു വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. മകള്‍ക്കും മരുമകള്‍ക്കുമൊപ്പം സ്വകാര്യജെറ്റില്‍ ക്രിക്കറ്റ് കളിക്കുന്ന താരത്തെയാണ് ഈ വിഡിയോയില്‍ കാണാനാവുക.
വിമാനത്തിന് ഉള്‍വശം ഗ്രൗണ്ടാക്കിയ താരം മകള്‍ സാറയ്ക്കും മരുമകള്‍ സാനിയ ചന്ദോക്കിനുമൊപ്പമാണ് ക്രിക്കറ്റ് ആസ്വദിച്ചു കളിക്കുന്നത്. താരം തന്നെയാണ് വിഡിയോ എക്സില്‍ പങ്കുവച്ചത്. ‘ആള്‍റ്റിറ്റ്യൂഡ് എന്തുതന്നെയായാലും ആറ്റിറ്റ്യൂഡ് മാറരുത്’ എന്നാണ് വിഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിട്ടത്. സാനിയ ആണ് സച്ചിന് പന്തെറിഞ്ഞു കൊടുക്കുന്നത്. സീറ്റിലിരുന്ന് മകള്‍ സാറ ഫീല്‍ഡിങ്ങിലും സജീവമായി.
ഒരു പന്തിനു ശേഷം സാറ ചുമ്മാ ഔട്ടിനായി അപ്പീല്‍ ചെയ്യുന്നതും ‘നീ എന്നെ ഒരിക്കലും ഔട്ടാക്കില്ല’എന്ന സച്ചിന്റെ മറുപടിയും എല്ലാവരിലും ചിരി പടര്‍ത്തി. തുടര്‍ന്ന് ബാറ്റ് തല കീഴായി പിടിച്ച്, ഇങ്ങനെ പിടിച്ചാല്‍ മാത്രമേ ചെറിയ സാധ്യതയെങ്കിലുമുള്ളൂ എന്നും താരം പറയുന്നു. തൊട്ടുപിന്നാലെയുള്ള രണ്ടാമത്തെ ബോളില്‍ സാറ കൃത്യമായി ക്യാച്ചെടുക്കുന്നതും താന്‍ ഔട്ടായെന്ന് സച്ചിന്‍ സമ്മതിക്കുന്നതും വിഡിയോയിലുണ്ട്.
അതേസമയം സോഷ്യല്‍മീഡിയയില്‍ വൈറലായ വിഡിയോയില്‍ സമ്മിശ്ര പ്രതികരണങ്ങളാണുള്ളത്. സര്‍, ദയവായി പുറത്തുപോയി കളിക്കണമെന്നും അകത്തെ ടിവിയോ ജനൽ ചില്ലോ പൊട്ടിയാൽ വലിയ ചെലവാകുമെന്നും ഒരാള്‍ പ്രതികരിക്കുന്നു. ബാറ്റിന്റെ ഹാൻഡിൽ കൊണ്ട് പന്ത് മിഡിൽ ചെയ്യുന്ന ആളെ വെറുതേയല്ല ഗോഡ് എന്ന് വിളിക്കുന്നതെന്ന് മറ്റൊരാളുടെ കമന്റ്. ക്രിക്കറ്റിന്റെ ഏറ്റവും മികച്ച അംബാസഡറായ സച്ചിന് ക്രിക്കറ്റിനോടുള്ള സമർപ്പണം ജീവിതത്തേക്കാൾ വലുതാണെന്നും എന്നും സച്ചിനായി തുടരുന്നതില്‍ നന്ദി എന്നും മറ്റൊരു കമന്റുണ്ട്. വൈറലായ വിഡിയോ മണിക്കൂറുകള്‍ക്കകം തന്നെ മില്യണ്‍ ആളുകളാണ് കണ്ടത്.