Image Credit: facebook.com/tvmcitypolice.keralapolice.gov.in & instagram.com/taposh_b11/

Image Credit: facebook.com/tvmcitypolice.keralapolice.gov.in & instagram.com/taposh_b11/

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീടുകളില്‍ റെയ്ഡ് നടത്തിയ ശേഷം തിരികെ പോകുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണമുണ്ടാകുന്നത്. സംഭവം പൊലീസിനു വലിയ നാണക്കേടായിരുന്നു. ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ പ്രതികളെ എത്രയും പെട്ടെന്നു പിടികൂടാന്‍ പൊലീസ് തീരുമാനിച്ചു. പിന്നാലെ പ്രതികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫിസില്‍ കയറിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. അന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ എത്തിയ യുവ ഐപിഎസ് ഉദ്യോഗസ്ഥൻമാരില്‍ ഒരാളായികുന്നു തിരുവനന്തപുരം സിറ്റി പൊലീസ്, ഡെപ്യൂട്ടി കമ്മിഷണര്‍ തപോഷ് ബസുമതാരി.

പാളയം ഏരിയ കമ്മിറ്റി ഓഫിസിന് മുന്നിലെത്തിയ പൊലീസിനെ പാര്‍ട്ടി ഓഫിസില്‍ കയറാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി മുന്‍മന്ത്രിമാരും എംഎല്‍എമാരും സിപിഎം നേതാക്കളും പ്രവര്‍ത്തകരും എല്ലാം ഉറച്ചുനിന്നു. പ്രതികളെ കിട്ടാതെ മടങ്ങില്ലെന്ന നിലപാടില്‍ പൊലീസും. തെളിവു വേണമെന്ന് നേതാക്കള്‍. പിന്നാലെ പൊലീസ് തെളിവും ഹാജരാക്കി. അതോടെ പൊലീസ് പിരിഞ്ഞു പോകണമെന്നും പ്രതികളെ ഹാജരാക്കാമെന്നുമായി. പറ്റില്ലെന്ന് പൊലീസ്. ഒടുവില്‍ പൊലീസിന്റെ വാശിക്കു മുന്നില്‍ വഴങ്ങി പാര്‍ട്ടി ഓഫിസില്‍നിന്നു പ്രതികളെ ഇറക്കി അറസ്റ്റിനു വഴിയൊരുക്കേണ്ടി വന്നു നേതാക്കള്‍ക്ക്.

വിഷയം വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെ ആ യുവ ഐപിഎസ് ഉദ്യോഗസ്ഥനേയും സോഷ്യല്‍ മീഡിയ ശ്രദ്ധിച്ചു. പാർട്ടി ഓഫീസിൽ കയറിയില്ല, അക്രമം കണ്ടിട്ട് ലത്തി വീശിയില്ല, ആൾ അത്ര പോരാ എന്നെല്ലാം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ടായി. അതേസമയം, സംയമനം പാലിച്ചു കൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയില്ല, ശാന്തമായി പരിഹാരമുണ്ടാക്കി എന്നെല്ലാം തപോഷിനെ അനുകൂലിച്ചും ആളുകളെത്തി. ഇതിനിടെ ‘പൊലീസും ബംഗാളിയോ’ എന്ന് ട്രോളുകളുമുണ്ടായി. ഒടുവില്‍ ആ ഉദ്യോഗസ്ഥന്‍ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലേക്ക് പോകുകയാണ്.

2019 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് തപോഷ്‌ ബസുമതാരി. അസാം ഗുവാഹത്തി സ്വദേശി. ഇതിനുമുന്‍പ് സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) എസ്.പി, കൽപ്പറ്റ - ഇരിട്ടി എന്നിവടങ്ങളിൽ എ.എസ്.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശേഷം വയനാട് ജില്ലാ പൊലീസ് മേധാവിയായി. അവിടെനിന്നാണ് തിരുവനന്തപുരം സിറ്റി ഡിസിപിയായി തപോഷ് എത്തുന്നത്.

എന്നാല്‍ ഇതാദ്യമായല്ല തപോഷ് ശ്രദ്ധയാകര്‍ഷിക്കുന്നത്. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത സമയം കേരള പേൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയിലുണ്ടായിരുന്നു തപോഷ്. കാക്കിക്കുള്ളിലെ ഹീറോ എന്നാണ് പലരും തപോഷിനെ വിശേഷിപ്പിച്ചത്. മുന്‍പ് വയനാട്‌ ജില്ലാ പോലീസ്‌ മേധാവിയായിരിക്കെ പഠന യാത്രയുടെ ഭാഗമായി ജില്ലാ പൊലീസ് കാര്യാലയത്തിലെത്തിയ ഗോത്ര വിദ്യാര്‍ഥികളെ ഐപിഎസ് കസേരയില്‍ ഇരുത്തി അവരുടെ ആഗ്രഹം സാധിച്ചുകൊടുത്ത തപോഷിന്‍റെ ദൃശ്യങ്ങളും വൈറലായിരുന്നു.

ENGLISH SUMMARY:

In a significant administrative development, dynamic 2019-batch IPS officer Taposh Basumatari is officially moving to the National Investigation Agency. The Thiruvananthapuram City Deputy Police Commissioner recently caught intense national spotlight during a high-stakes standoff at the ruling party's Palayam Area Committee office. Following an attack on Enforcement Directorate officials returning from a raid at Opposition Leader Pinarayi Vijayan's residence, Basumatari led a firm police contingent to arrest the suspects hidden inside the party headquarters. Despite aggressive resistance from former ministers and senior political leaders, his calm yet uncompromising stance successfully forced the party leadership to hand over the accused. While social media discussions initially divided over his tactical restraint, the Assam-born officer has consistently been hailed as a real-life hero for leading frontline rescue operations with the Special Operations Group during the catastrophic Wayanad landslides.