കടലും കായലുമില്ലെങ്കിലും വയനാട്ടിലും നാവിൽ വെള്ളമൂറുന്ന നല്ല ഫ്രഷ് മീനുകൾ ലഭിക്കും. പ്രകൃതിഭംഗി ആസ്വദിക്കാൻ വയനാട്ടിലെത്തുന്ന സഞ്ചാരികൾക്ക് നെല്ലാറച്ചാലിലെത്തിയാൽ തനി നാടൻ പുഴമീൻ പിടിത്തം തത്സമയം കാണാം. കാരാപ്പുഴയുടെ അലകളറിഞ്ഞ്, ആദിവാസി ഫിഷറീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന വേറിട്ടൊരു മത്സ്യബന്ധന കാഴ്ചയിലേക്ക്.

പച്ചപ്പട്ടുടുത്ത മലനിരകൾക്ക് നടുവിൽ, മഞ്ഞുപെയ്യുന്ന പുലർകാലങ്ങളിൽ കാരാപ്പുഴ അണക്കെട്ടിന്റെ ജലാശയം ഒരു വിസ്മയക്കാഴ്ചയാണ്. ആ അഴകിന്‍റെ ശാന്തതയിലേക്ക് തുഴയെറിഞ്ഞ്, പുലർച്ചെ തന്നെ ഇവർ കുട്ടവഞ്ചികളിൽ ഇറങ്ങും. നെല്ലാറച്ചാലിലെ പട്ടികവർഗ്ഗ ഫിഷറീസ് സഹകരണ സംഘത്തിന്റെ കരുത്തിലാണ് ഈ മീൻപിടിത്തം. തലേന്നാൾ സന്ധ്യയ്ക്ക് ജലാശയത്തിൽ സ്ഥാപിച്ച വലിയ തണ്ടാടി വലകൾ, പുലർച്ചെ ആറുമണിയോടെ ഇവർ വഞ്ചികളിലേക്ക് വലിച്ചുകയറ്റാൻ തുടങ്ങും.

ചില്ലറക്കാരല്ല ഈ വലകളിൽ കുടുങ്ങുന്നത്. പത്തു കിലോ മുതൽ മുപ്പത് കിലോ വരെ ഭാരമുള്ള വമ്പൻ പുഴമീനുകളാണ് കാരാപ്പുഴയുടെ ആഴങ്ങളിൽ നിന്ന് ഇവരുടെ കൈക്കരുത്തിൽ കരയിലെത്തുന്നത്. ചെമ്പല്ലി, കട്ല, രോഹു, വരാൽ തുടങ്ങിയ മത്സ്യങ്ങളാണ്  ഈ വലകളിൽ കുടുങ്ങുന്നതിൽ ഏറെയും വലകളിൽ നിന്നും മീനുകൾ നേരെ എത്തുന്നത് സഹകരണ സംഘത്തിന്റെ പ്രത്യേക സ്റ്റാളുകളിലേക്കാണ്. ഈ 'ഫ്രഷ്' മീനുകൾക്കായി പുലർച്ചെ ഏഴുമണിക്ക് മുൻപ് തന്നെ ആവശ്യക്കാർ എത്തി തുടങ്ങും. കിലോയ്ക്ക് 150 മുതൽ 300 രൂപ വരെ മാത്രമാണ് വില. അതുകൊണ്ടുതന്നെ രാവിലെ ഒൻപത് മണിയോടെ സ്റ്റാളിലെ മീനുകളെല്ലാം വിറ്റുതീരും. പ്രകൃതിഭംഗി കാണാനെത്തുന്ന വിനോദസഞ്ചാരികൾക്കും ഇതൊരു പുത്തൻ അനുഭവമാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനം കൂടിയാണ് കാരാപ്പുഴയിലെ ഈ മീൻപിടിത്തം.

ENGLISH SUMMARY:

Wayanad fresh fish are a delightful culinary experience, even without coastlines. Karapuzha dam fishing offers a unique opportunity to witness traditional river fishing methods firsthand, a must-see for nature lovers visiting Wayanad.