ഇന്‍റര്‍നെറ്റിലും മൊബൈലിലും മീമും സ്റ്റിക്കറും ട്രോളും നിറയുന്നതിന് മുന്‍പേ പിറന്നവനാണ് സലിംകുമാര്‍. പറവൂരിലെ ചിറ്റാറ്റുകരയില്‍ ഫോണ്‍ പോയിട്ട് വൈദ്യുതി പോലും ഇല്ലാത്ത വീട്ടിലെ കുട്ടി. പക്ഷേ ഇന്നത്തെ കുട്ടികള്‍ അല്‍ഗോരിതവും റീലും എഐയും ഇട്ട് കളിക്കുമ്പോള്‍ അവര്‍ക്കും കൂട്ടാവുന്നത് ആ ചിറ്റാറ്റുകരയിലെ കുട്ടിയാണ്. ടൈംലൈനുകളില്‍ ഇന്നും  വൈബായ  സലിംകുമാറിന്‍റെ അഞ്ച് മീമുകള്‍ ഇതാ. 

ഉദയനാണ് താരത്തിലെ റഫീഖ്. തന്റെ പ്രിയ സുഹൃത്ത് ഉദയഭാനുവിന്റെ സിനിമ റിലീസ് ഡേറ്റില്‍ അപരിചതര്‍ക്കൊപ്പമിരുന്ന് കാണുമ്പോള്‍ തന്‍റെ മുഖം സ്ക്രീനില്‍ നിറയുന്നു.  കരയുന്ന, അഭിമാനിക്കുന്ന, ചിരിക്കുന്ന  ജൂനിയര്‍ താരം. സലിംകുമാറിന്‍റെ മീമുകളില്‍ ഇവന്‍ തന്നെ താരം. 

വൈറലായത് മണവാളനാണ് – പൈപ്പും പിടിച്ച് ഗമയില്‍ നില്‍ക്കുന്ന മണവാളന്‍, കൂളിങ് ഗ്ലാസ് താഴ്ത്തി നോക്കുന്ന മണവാളന്‍,  നിസഹായനായ മണവാളന്‍ – എന്നിങ്ങനെ പണക്കാര്‍ മുതല്‍ പാവപ്പെട്ടവര്‍ക്ക് വരെ ആര്‍ക്കും  ഉപയോഗിക്കാം.  തള്ള്, പണി പാളല്‍, പൊങ്ങച്ചം എന്നിങ്ങനെ എന്തും. 

തോല്‍ക്കുമെന്ന് കരുതിയ പരീക്ഷ ജയിച്ചതു തുടങ്ങി സംഭവിക്കാത്തത് സംഭവിക്കുമ്പോള്‍ കൂട്ടുകാരെ അറിയിക്കുക  മായാവിയിലെ കണ്ണന്‍ സ്രാങ്കാണ്.  ഇതെന്ത് മറിമായം, എനിക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാര്‍ക്ക് മുഴുവന്‍ ഭ്രാന്തായതാണോ എന്ന ഡയലോഗിനിട്ട ഭാവം. 

കല്യാണരാമനിലെ പ്യാരി കല്യാണസദ്യകള്‍ മാത്രമല്ല വാട്സാപ്പിലെ സ്റ്റിക്കര്‍ പാക്കും ഒറ്റയ്ക്ക് തയ്യാറാക്കാന്‍ മിടുക്കനാണ്.  ഈ കേറ്ററിങ് തൊഴിലാളി പറയുന്നതെല്ലാം തഗ് ഡയലോഗുകളാണ്.  മൃതദേഹത്തിന്റെ ജെട്ടി വച്ചുമാറാന്‍ ഉദ്ദേശിക്കുന്ന പ്യാരി ചോദിക്കുന്നു – ചത്ത കിളിക്ക് എന്തിനാ കൂട്. ജീവിതത്തില്‍ എന്തു ശ്രമിച്ചിട്ടും തോറ്റവനോട് ഇങ്ങനെ പറയാം – നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ ഗതി.    

തിളക്കത്തിലെ ഓമനക്കുട്ടനാണ് ക്ഷമ, നാണക്കേട്, കപടഭാവങ്ങള്‍ എന്നിവയുടെ മീം താരം. തെറ്റ് പറ്റിയാല്‍ പറയാം അയാം ദ് സോറി അളിയാ. ഊരിപ്പോവാനാത്ത കുടുക്കില്‍ പെട്ടെന്ന് പെട്ടവര്‍ക്കുള്ള അള്‍ട്ടിമേറ്റ്  ആണ് വായില്‍കൂടിയും മൂക്കില്‍ കൂടിയും പുക പോവുന്ന മീം.  ‌‌‌

സിബിഎസ്ഇ വെബ്സൈറ്റ് ഹാങ് ആയാലും നീറ്റ് ചോദ്യം ചോര്‍ന്നാലും ലോകകപ്പില്‍  അര്‍ജന്റീനയോ ബ്രസീലോ ജയിച്ചാലും തോറ്റാലും എല്ലാം ഇനിയും സലിംകുമാര്‍ മീം ആയും സ്റ്റിക്കര്‍ ആയും  ഒപ്പമുണ്ടാവും. നമുക്കറിയാത്ത ലോകത്തിനപ്പുറത്ത്, നമുക്കറിയുന്ന ഭാഷ പറഞ്ഞുകൊണ്ട്.  

ENGLISH SUMMARY:

Salim Kumar memes remain a constant source of humor and relatability across various online platforms, bridging generational gaps with timeless comedic expressions. These iconic dialogues and expressions from his films continue to be reinterpreted and shared, demonstrating their enduring appeal in the digital age.